Articles

ഭരണകൂടം എന്നാല്‍ സാക്ഷാല്‍ ഇരുമ്പുകൂടം തന്നെ

വെട്ടും തിരുത്തും - പി എ എം ഹനീഫ്
പ്രൈമറി സ്‌കൂളില്‍ ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ തികച്ചും ദരിദ്രനായ ഗോപാലന്‍ സാറായിരുന്നു. കുട്ടികള്‍ പോഷകാഹാരമായി മുട്ടയും വെണ്ണയും നെയ്പുരട്ടിയ ഗോതമ്പ് ചപ്പാത്തിയുമൊക്കെ തിേന്നണ്ടതിന്റെ ആവശ്യകതയൊക്കെ ഗോപാലന്‍ സാര്‍ പ്രഭാഷണരൂപത്തില്‍ അസംബ്ലിയില്‍ പറയും. ഗോപാലന്‍ സാറിന്റെ ഏറ്റവും ദൈന്യമായ ചിത്രം അദ്ദേഹത്തിന്റെ ചില്ലുപൊട്ടിയ കണ്ണടയായിരുന്നു. കടുത്ത ദാരിദ്ര്യം മൂലം നല്ലൊരു കണ്ണട വാങ്ങാന്‍ സാറിനു നിവൃത്തിയില്ലായിരുന്നു. ''ഇനി രണ്ടുകൊല്ലം കൂടി ഉണ്ട്. പെന്‍ഷന്‍ പറ്റി സ്‌കൂളിന്റെ പടി ഇറങ്ങുമ്പോള്‍ തിമിരബാധയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 90 രൂപ അലവന്‍സ് കിട്ടും.'' ഇതും പ്രതീക്ഷിച്ച് ഗോപാലന്‍ സാര്‍ പൊട്ടിയ ചില്ലുള്ള കണ്ണടയുമായി ഞങ്ങളെ ഉപദേശിച്ചു. ഒരുദിവസം ഞാനും സുഹൃത്തുക്കളും കൂടി ഗോപാലന്‍ സാറിന്റെ പോഷകഗുണമുള്ള ഉച്ചഭക്ഷണം എന്തെന്നറിയാനുള്ള കൗതുകത്തോടെ സാറിന്റെ ചോറ്റുപാത്രം തുറന്നു. ഉണക്ക റൊട്ടിയും രണ്ടു തക്കാളി മുറിച്ച കഷണങ്ങളും. ഗോപാലന്‍ സാറിനെയും അദ്ദേഹത്തിന്റെ ചില്ലുപൊട്ടിയ കണ്ണടയും 1960കളില്‍ ഒരു പ്രധാനാധ്യാപകന് തിമിരബാധ ഉണ്ടായാല്‍ കേരളസര്‍ക്കാര്‍ നല്‍കുന്ന 90 രൂപയും സ്മരിക്കാന്‍ കാരണം 2018ല്‍ നമ്മുടെ ജനപ്രതിനിധികള്‍ മൂക്കിന്‍ തുമ്പില്‍ പ്രതിഷ്ഠിക്കുന്ന കണ്ണടയുടെ വില ഓര്‍ത്തിട്ടാണ്.20 രൂപ കൊടുത്താല്‍ തലവലിക്കുള്ള നാലു ഗുളിക കിട്ടുന്ന നാട്ടില്‍ ഒരാഴ്ച ശ്രീചിത്തിര ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വിവിധ യന്ത്രങ്ങളിലൂടെ പരിശോധിച്ചിട്ടും തലവലിയുടെ കാരണമറിയാതെ വിഷണ്ണനായി ജര്‍മനിയില്‍ ചികില്‍സാര്‍ഥം പോയ ജനപ്രതിനിധി നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ ബഹുമാന്യ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവര്‍ ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണത്രേ വന്‍ വിലവരുന്ന മൂക്കുകണ്ണടകള്‍ ഉപയോഗിക്കുന്നത്. ഈ മന്ത്രിസഭയിലെ അംഗങ്ങളുടെ ചികില്‍സാ ചെലവുകള്‍ സര്‍വകാല റെക്കോഡാണ്. പ്രതിപക്ഷത്തുള്ള ഡോ. എം കെ മുനീറും കടുത്ത രോഗങ്ങളുടെ പിടിയിലാണ്. അദ്ദേഹവും ചികില്‍സാ ചെലവിനത്തില്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ശരാശരി രണ്ടരലക്ഷത്തിനടുത്ത് ടിഎ, ഡിഎ, ഫോണ്‍, വിമാനയാത്ര ഇനത്തിലൊക്കെ ഖജനാവില്‍ നിന്നു ചെലവഴിക്കുന്ന ജനപ്രതിനിധികള്‍ ഒാര്‍ക്കുന്നുണ്ടാവും സാധാരണ ജനത്തില്‍ നിന്നു പിരിക്കുന്ന വിവിധ ടാക്‌സുകളില്‍ നിന്നും സര്‍ക്കാരിന്റെ മറ്റു വരുമാനസ്രോതസ്സുകളില്‍ നിന്നും ഇസ്‌ക്കുന്നതാണ് ടി തുകകള്‍ എന്ന്.തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നം പഠിക്കുന്ന ശീലമില്ല. തനിക്കു സമ്മതിദാനാവകാശം നല്‍കിയ സാധുവിന്റെ രോഗത്തെപ്പറ്റി ഒരറിവുമില്ല. മക്കളുടെ ചികില്‍സാ ചെലവിനെ പറ്റിയോ കുടിവെള്ളം കിട്ടാക്കനിയായ വീടുകള്‍ തന്റെ മണ്ഡലത്തിലുണ്ടെന്നോ മനസ്സിലാക്കാന്‍ ഈ ലക്ഷാധിപതികള്‍ മിനക്കെടാറില്ല. കോടിയേരിയുടെ ആഡംബരവാഹനത്തിലെ പാര്‍ട്ടി പ്രകടനവാര്‍ത്തയുടെ ചുവടുപിടിച്ച് നേരിയൊരന്വേഷണം നടത്തി. പലിശയ്ക്കു പണം വന്‍തോതില്‍ നല്‍കുന്ന നിയമസഭാ സാമാജികന്‍ അവിടെ ഉണ്ടെന്നു കേട്ടു. കോടീശ്വരന്‍മാരില്‍ കോടീശ്വരനായ കോഴിക്കോട്ടെ ഒരു ജനപ്രതിനിധിയുടെ വീടെന്ന മണിമാളിക സ്ഥിതിചെയ്യുന്ന നല്ലളത്തെ റോഡിലൂടെ വായനക്കാര്‍ സഞ്ചരിച്ചുനോക്കൂ. ഇവരൊക്കെയാണ് നമ്മുടെ ജനപ്രതിനിധികള്‍. ജനം എന്നു പറഞ്ഞാല്‍ ഈ അമേധ്യഗന്ധക്കാര്‍ക്ക് പരമപുച്ഛമാണ്. ദുബയിലുള്ള സുഹൃത്തിനോട് ഇപ്പോള്‍ വിവാദമായ പണം ഇടപാടിനെ പറ്റി ചോദിച്ചു. ''കള്ളപ്പണം വെളുപ്പിക്കലും കോടികള്‍ നാട്ടിലേക്കു കടത്തി കമ്മീഷന്‍ പറ്റലുമാണ് സ്ഥിരം പരിപാടി. കോടീശ്വരന്‍മാരെ വമ്പന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന കമ്മീഷന്‍ പരിപാടികളും ഉണ്ടത്രേ.''തെളിവുണ്ടോ? എന്തിനു തെളിവ്? മുക്കാലിന് ഗതിയില്ലാത്തവരൊക്കെ മണിമാളികയും കോടികളുടെ മറ്റു സമ്പാദ്യവും ഉണ്ടാക്കുന്നത് ജനത്തിന്റെ കരള്‍ പിഴിഞ്ഞാണ്.                                                      ി
Next Story

RELATED STORIES

Share it