malappuram local

ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പൊന്നാനി എസ്‌ഐയെ സ്ഥലം മാറ്റി

പൊന്നാനി: കഞ്ചാവ് മണല്‍ ഗുണ്ടാ ലോബിക്കെതിരേ നടപടി ശക്തമാക്കിയ പൊന്നാനി എസ്‌ഐ ശശീന്ദ്രന്‍ മേലയിലിനെ സ്ഥലം മാറ്റി. ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ഥലം മാറ്റിയത്. ഭരണകക്ഷിയെ പിണക്കിയതാണ് സ്ഥലം മാറ്റത്തിന് പ്രേരണയായത്.
എസ്‌ഐ കനത്ത സിപിഎം അനുഭാവിയാണെന്ന് കോണ്‍ഗ്രസ്സും ലീഗും ആരോപിക്കുന്നു . എസ്‌ഐ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ടും ലീഗ് നേതാക്കള്‍ക്കെതിരേ അന്യായമായി കേസ് എടുക്കുന്നു എന്നാരോപിച്ചും യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി ഇന്നലെ പത്ത് മണിക്ക് പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പൊന്നാനിയില്‍ ചാര്‍ജ് ഏറ്റെടുത്ത ഉടനെ ലീഗ് കൗണ്‍സിലര്‍ക്കും മകനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. സിപിഎം അധീനതയിലുള്ള ക്ലബ് അടിച്ച് തകര്‍ത്തതാണ് കേസ് എടുക്കാന്‍ കാരണമെന്ന് പോലിസ് പറയുന്നു.
ഇതാണ് ഭരണകക്ഷി എസ്‌ഐക്കെതിരെ നീങ്ങാന്‍ ഇടയാക്കിയത്. ഇതിനു പുറമെ കോണ്‍ഗ്രസ് നേതാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തതും പാര്‍ട്ടിയെ പ്രകോപിപ്പിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ലീഗിന്റെ വനിതാ കൗണ്‍സിലറെ എസ്‌ഐ അസഭ്യം പറഞ്ഞതായി ലീഗ് ആരോപിക്കുന്നു. അടിപിടിക്കേസില്‍ കൗണ്‍സിലറുടെ മകനെ അറസ്റ്റ് ചെയ്യാന്‍ വന്ന എസ്‌ഐയെ തടഞ്ഞതിനെ തുടര്‍ന്നാണ് അസഭ്യം പറഞ്ഞത്. ഇതാണ് എറ്റവും ഒടുവില്‍ എസ്‌ഐക്കിതിരെ നീങ്ങാന്‍ യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത്. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് എസ്‌ഐ യെ സ്ഥലം മാറ്റാനാണ് തീരുമാനം ഉണ്ടായിരുന്നത്. എന്നാല്‍ അത് നടന്നിരുന്നില്ല. ഇന്നലെയാണ് സ്ഥലം മാറ്റുന്ന ഓര്‍ഡര്‍ ലഭിച്ചത്. നേരത്തേ ചങ്ങരംകുളം എസ്‌ഐ ആയിരുന്ന ശശീന്ദ്രനെ കഞ്ചാവ് മണല്‍ ലോബിക്കെതിരെ ശക്തമായ നടപടിയെടുത്തതിന് പൊന്നാനിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.മൂന്ന് മാസം മുന്‍പാണ് ശശീന്ദ്രന്‍ പൊന്നാനിയില്‍ എസ്‌ഐ ആയി ചാര്‍ജെടുത്തത്.
ഇതിനിടയില്‍ ആര്‍എസ്എസിന്റെ ശക്തികേന്ദ്രമായ കൊല്ലന്‍ പടിയില്‍ നിന്നും വീട് കയറി ആക്രമിച്ച നാലു ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ചാര്‍ജെടുത്ത് ഒരു മാസത്തിനകം നിരവധി മോഷണക്കേസുകള്‍ക്കാണ് തുമ്പുണ്ടായത്.
കവര്‍ച്ചക്കാരേയും ഗുണ്ടകളെയും പൂവാലന്മാരേയും കഞ്ചാവ് ലോബിയെയും കൂട്ടത്തോടെ പിടികൂടിയതോടെ സാധാരണക്കാരന്റെ ഹീറോയോയി മാറി പൊന്നാനി എസ്‌ഐ ഇതിനിടയിലാണ് അന്യായമായി എസ്‌ഐയെ സ്ഥലം മാറ്റിയത്. മാറഞ്ചേരി സ്വദേശിയാണ് ശശീന്ദ്രന്‍. ചാര്‍ജെടുത്ത് ഒരു മാസത്തിനകം വിവിധ മോഷണ കവര്‍ച്ച കേസുകളിലായി 35 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 12 പേരേ ഒരാഴ്ചക്കിടയിലാണ് അറസ്റ്റിലായത്. അമ്പതോളം കഞ്ചാവ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനു പുറമെ അനധികൃതമായി മണല്‍, മണ്ണ് കടത്തുകയായിരുന്ന 60വാഹനങ്ങളും പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ പൊന്നാനിയില്‍ ചാര്‍ജെടുത്ത മികച്ച പോലിസ് ഓഫിസറെന്ന് പ്രശംസ പിടിച്ചുപറ്റിയ എസ്‌ഐ യെ രാഷ്ട്രിയ താല്‍പര്യത്തിന്റെ പേരില്‍ സ്ഥലം മാറ്റിക്കുന്നതിനെതിരെ വിവിധ രാഷ്ട്രിയ കക്ഷികളും കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്ത് എത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it