malappuram local

ഭരണകക്ഷിയില്‍ ഭിന്നത; വളാഞ്ചേരി നഗരസഭയില്‍ പ്രതിസന്ധി

വളാഞ്ചേരി: ഭരണകക്ഷിയിലെ ഭിന്നതമൂലം വളാഞ്ചേരി നഗരസഭയില്‍ പ്രതിസന്ധി. നഗരസഭയിലെ നിത്യമാര്‍ക്കറ്റിനോടനുബന്ധിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പച്ചക്കറി സ്റ്റാള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗത്തിലാണ് ഭിന്നത പ്രകടമായത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിക്കുന്ന സ്റ്റാളിനുവേണ്ടി നഗരസഭയുടെ നിത്യമാര്‍ക്കറ്റിന്റെ മതില്‍ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. സ്വകാര്യ വ്യക്തിയില്‍നിന്ന് വന്‍തുക കൈപറ്റിയാണ് നഗരസഭയുടെ മതിലും റൂമുകളും പൊളിച്ച് മാറുന്നതെന്നാണ് ആരോപണം. നഗരസഭയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എട്ടാമത്തെ അജണ്ടയായി വിഷം വച്ചിരുന്നു. ഇതിനായി രൂപീകരിച്ച ഒരു സബ് കമ്മിറ്റിയുടെ റിപോര്‍ട്ടില്‍ സബ് കമ്മിറ്റി അംഗങ്ങള്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാല്‍ മാറ്റിവയ്ക്കുകയും ചെയ്തു. ഇത് മുസ്്‌ലിംലീഗും കോണ്‍ഗ്രസും അടങ്ങുന്ന ഭരണസമിതിയംഗങ്ങളിലെ ഭിന്നതയാണ് മറനീക്കി പുറത്തു വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മീമ്പാറ-വൈക്കത്തൂര്‍-മൂച്ചിക്കല്‍-കരിങ്കല്ലത്താണി റിംങ് റോഡുകള്‍ നിര്‍മിക്കാന്‍ സ്ഥലം എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ ഫണ്ടനുവദിച്ചിരുന്നെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതും ഭരണസമിതിയംഗങ്ങളുടെ അഭിപ്രായ വ്യത്യാസമായാണ് വിലയിരുത്തുന്നത്.  നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാനും നടപടിയുണ്ടായിട്ടില്ല. ഭരണകക്ഷിയായ യുഡിഎഫില്‍ മുസ്്‌ലിംലീഗിലും കോണ്‍ഗ്രസിലും അഭിപ്രായ വ്യത്യാസം പുകയുകയാണെന്നും രണ്ട് വര്‍ഷമായി നഗരസഭയില്‍ ഒരു പ്രവര്‍ത്തനവും സുഗമമായി നടക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, നഗരസഭാ യോഗത്തില്‍ അനുകൂലിക്കുകയും പുറത്ത് സിപിഎം സമരം സംഘടിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ഈ ഇരട്ടത്താപ്പ് നയം പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ എം ഷാഹിന പറഞ്ഞു. ബസ്്സ്റ്റാന്റില്‍ സ്വകാര്യ വ്യക്തിക്ക് മാലിന്യക്കുഴി കുഴിക്കാന്‍ അനുമതി നല്‍കാന്‍ ഭരണകക്ഷിയോടൊപ്പം നില്‍ക്കുകയും പുറത്ത് ഇതേ മെംബര്‍മാരും സിപിഎമ്മും സമരം നടത്തുകയും ചെയ്തത് വിരോധാഭാസമാണെന്നും ഷാഹിന പറഞ്ഞു. ഭരണ കക്ഷിയില്‍ ഭിന്നതയില്ലെന്നും വൈസ് ചെയര്‍മാന്‍ മുഖ്യമന്ത്രി വിളിച്ച ഹരിത കേരളം പദ്ധതിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നുവെന്നും മറ്റു മെംബര്‍മാര്‍ അവരുടെ സ്വകാര്യ ആവശ്യങ്ങള്‍ കാരണം വരാതിരുന്നതാണെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇതിനിടെ കെട്ടിട നികുതി, വീട്ട് നികുതി എന്നിവ ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതുമൂലം ജനങ്ങളും ആശങ്കയിലാണ്. 33 അംഗ ഭരണസമിതിയില്‍ മുസ്്‌ലിംലീഗ് (14), കോണ്‍ഗ്രസ് (6), വെല്‍ഫെയര്‍ പാര്‍ട്ടി (1), എല്‍ഡിഎഫിന് (12) അംഗങ്ങളാണുള്ളത്.
Next Story

RELATED STORIES

Share it