ഭരണം മാറിയെങ്കിലും ഫണ്ടില്‍ മാറ്റമില്ല; ഒരു വിദ്യാര്‍ഥിക്ക് ആറു രൂപ: ഉച്ചഭക്ഷണ പദ്ധതി ആശങ്കയില്‍ 

നിഷ ദിലീപ്

കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയുള്ളൂവെങ്കിലും ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ആശങ്കയില്‍. പച്ചക്കറിയും പലവ്യഞ്ജനവുമുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനിടെ പരിമിതമായ ഫണ്ടുനല്‍കിയാണ് വിപുലമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളോടു നിര്‍ദേശിച്ചിരിക്കുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ 27ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് ഒരു വിദ്യാര്‍ഥിക്ക് ആറ് രൂപയെന്ന 2012ല്‍ നിശ്ചയിച്ച തുക തന്നെയാണ് ഇത്തവണയും അനുവദിച്ചിരിക്കുന്നത്. പാചകക്കൂലി, പാല്‍, മുട്ട, വിറക്, പലവ്യഞ്ജനം, പച്ചക്കറി, കയറ്റിറക്കു കൂലി എന്നിവയ്‌ക്കെല്ലാം കൂടി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന തുകയാണിത്. നാലുവര്‍ഷത്തിനിടെ നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ വിലവര്‍ധന നാലിരട്ടിയോളമാണെന്നിരിക്കെയാണ് ഈ തുച്ഛമായ തുക തന്നെ അനുവദിച്ച് ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം സ്‌കൂളുകള്‍ക്കു മേല്‍ കെട്ടിവച്ച് സര്‍ക്കാര്‍ തടിയൂരാന്‍ ശ്രമിക്കുന്നത്. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിക്കുന്ന തുകയില്‍ കാലോചിതമായ മാറ്റംവരുത്താന്‍ തയ്യാറാവാത്തതു മൂലം പദ്ധതി പ്രതിസന്ധിയിലാവുകയും ഏറെ വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. 2013ല്‍ അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ തുക വര്‍ധിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും നാളിതുവരെ നടപ്പാക്കിയിരുന്നില്ല. എന്നാല്‍, അന്ന് ആരോപണം ഉന്നയിച്ചിരുന്ന പ്രതിപക്ഷം ഈ വര്‍ഷവും ഇതില്‍ മാറ്റം വരുത്താതിരുന്നത് വരുംദിവസങ്ങളില്‍ വീണ്ടും വിവാദങ്ങള്‍ക്കിടയാക്കാനിടയുണ്ട്.
പുതിയ സര്‍ക്കുലര്‍ പ്രകാരം 150 കുട്ടികള്‍വരെയുള്ള സ്‌കൂളുകളില്‍ കുട്ടിയൊന്നിന് പ്രതിദിനം 5 രൂപയും 350 രൂപ പാചകക്കൂലിയുമാണ് സര്‍ക്കാര്‍ നല്‍കുക. 151 മുതല്‍ 500 വരെ കുട്ടികള്‍ ഉള്ള സ്‌കൂളുകളില്‍ പ്രതിദിനം കുട്ടിയൊന്നിന് 6 രൂപ വീതം നല്‍കും. 501നു മുകളില്‍ വരുന്ന സ്‌കൂളുകളില്‍ 500 കുട്ടികള്‍ക്കു വരെ 6 രൂപയും 500നു മുകളില്‍ ഓരോ കുട്ടിക്കും 5 രൂപ വീതവും നല്‍കും. എന്നാല്‍, 151 കുട്ടികള്‍ക്കു മുകളിലുള്ള സ്‌കൂളുകള്‍ക്ക് പാചകക്കൂലി പ്രത്യേകം നല്‍കില്ല. കുട്ടിയൊന്നിനു നല്‍കുന്ന ആറ് രൂപയില്‍ നിന്നുതന്നെ പാചകക്കൂലിയും കണ്ടെത്തണം.
151നു മുകളില്‍ കുട്ടികള്‍ക്ക് പാചകം ചെയ്യുമ്പോള്‍ 350 രൂപയ്ക്കു പുറമെ അധികമുള്ള ഓരോ കുട്ടിക്കും 25 പൈസ കണക്കില്‍ പരമാവധി 400 രൂപ വരെയാണ് പാചകക്കൂലി നല്‍കേണ്ടത്. 500 കുട്ടികള്‍ക്കു വരെയാണ് 400 രൂപ. 501 മുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ രണ്ടു തൊഴിലാളികളെ നിയമിക്കാം. ഇരുവര്‍ക്കും 400 രൂപ വീതം കൂലി നല്‍കണം. ഈ തുകയും സര്‍ക്കാര്‍ നല്‍കുന്ന ആറ് രൂപയില്‍ നിന്നെടുക്കണം.
പാചക തൊഴിലാളികളുടെ വേതനത്തില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും വിദ്യാര്‍ഥിക ള്‍ക്കുള്ള വിഹിതത്തിലാണ് ഇനിയും മാറ്റമില്ലാതെ തുടരുന്നത്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍, ഇവിടങ്ങളിലെ അംഗീകാരമുള്ള പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ കുട്ടികള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ കുട്ടികള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കേണ്ടത്.
പ്രൈമറി തലത്തില്‍ അരി/ഗോതമ്പ് 100 ഗ്രാം, പയറുവര്‍ഗങ്ങള്‍ 20 ഗ്രാം, പച്ചക്കറി 50 ഗ്രാം, എണ്ണ 5 ഗ്രാം എന്നിവയടങ്ങിയ പോഷകാഹാരവും യുപി തലത്തില്‍ ഇത് യഥാക്രമം 150, 30, 75, 7.—5 ഗ്രാം എന്നിങ്ങനെയുമാണു നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ കുട്ടിക്കും 50 ഗ്രാം ഇലവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള പച്ചക്കറി നല്‍കണം. കറികളിലും പയറുവര്‍ഗങ്ങളിലും ദൈനംദിനം വൈവിധ്യം ഉറപ്പാക്കണം. ആഴ്ചയില്‍ രണ്ടു ദിവസം 150 മില്ലീ—ലിറ്റര്‍ പാലും ആഴ്ചയില്‍ ഒരു ദിവസം മുട്ടയും നല്‍കണം.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഈ തുക ഉപയോഗിച്ച് സര്‍ക്കാരും ബാലാവകാശ കമ്മീഷനും നിര്‍ദേശിക്കുന്നതനുസരിച്ചുള്ള ഉച്ചഭക്ഷണം വിതരണം ചെയ്യുക എന്നത് പൊതുവിദ്യാലങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്.
മുട്ടയുടെ വിലതന്നെ അഞ്ച് രൂപയ്ക്കു മുകളില്‍ എത്തിനില്‍ക്കെ മുട്ടയും പാലും പദ്ധതിയും നടപ്പാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സപ്ലൈകോയില്‍ തന്നെ 2012ല്‍ 28 രൂപയുണ്ടായിരുന്ന ചെറുപയറിന് ഇപ്പോള്‍ 74 രൂപയ്ക്കു മുകളിലും 22 രൂപയുണ്ടായിരുന്ന കടുകിന് 95 രൂപയുമാണ്. പൊതുവിപണിയിലെ വിലക്കയറ്റം ഇതിലും രൂക്ഷമാണ്. തുച്ഛമായ തുകകൊണ്ട് പോഷകസമൃദ്ധമായ ഉച്ച—ഭക്ഷണ വിതരണം ആരംഭിക്കണമെന്നു നിര്‍ദേശിച്ചുള്ള ഡയറക്ടറുടെ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നറിയാതെ ആശങ്കയിലാണ് പ്രധാനാധ്യാപകരും നൂണ്‍ ഫീഡിങ് കമ്മിറ്റികളും.
Next Story

RELATED STORIES

Share it