Middlepiece

ഭരണം കുളം; കുളം കലക്കിയാല്‍ ഗുണം

ഭരണം കുളം; കുളം കലക്കിയാല്‍ ഗുണം
X
slug--indraprastham

നിരീക്ഷകന്‍

ഭരണത്തിന്റെ രണ്ടാംവാര്‍ഷികത്തിലേക്കു നീങ്ങുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസ്ഥയെന്താണ്? ഭരണരംഗത്ത് കാര്യമായ ഒരു നേട്ടവും കൈവരിക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ല എന്നത് പകല്‍പോലെ വ്യക്തം. സാമ്പത്തികരംഗത്ത് വന്‍ കുതിപ്പ് കൊണ്ടുവരും എന്നതായിരുന്നു തിരഞ്ഞെടുപ്പു കാലത്തെ പ്രചാരവേല. വിദേശനിക്ഷേപം ഇന്ത്യയിലേക്കു കുത്തിയൊലിക്കും എന്നാണു പറഞ്ഞത്. കള്ളപ്പണക്കാരെ പിടിച്ച് മുക്കാലിയില്‍ കെട്ടി അടിക്കുമെന്നും വിദേശത്ത് പൂഴ്ത്തിവച്ച പണമൊക്കെ ഇന്ത്യയിലേക്കു കൊണ്ടുവന്ന് വീതിക്കുമെന്നും അവകാശവാദമുണ്ടായി.
എന്നാല്‍, അതിലൊന്നും യാതൊരു കാര്യവുമില്ലെന്ന് ഇപ്പോള്‍ നാട്ടില്‍ ഒരുമാതിരി മനുഷ്യര്‍ക്കൊക്കെ പൂര്‍ണ ബോധ്യമായി. സാമ്പത്തിക വളര്‍ച്ച നേടാന്‍ സഹായിക്കുന്ന ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. രാജ്യത്തെ ഉല്‍പന്നങ്ങളുടെ വിതരണം ശക്തവും ഫലപ്രദവുമാക്കാന്‍ ആഭ്യന്തര വിപണി ഉണരണം. അതിന് സംസ്ഥാനങ്ങള്‍ക്കിടയില്‍ ചരക്കുകടത്തില്‍ ഇന്നുള്ള പ്രതിബന്ധങ്ങള്‍ നീക്കണം. അതിനുവേണ്ടിയാണ് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചരക്ക് സേവന നികുതി ഏകീകരിക്കാനുള്ള സംരംഭങ്ങള്‍ തുടങ്ങിയത്. മന്‍മോഹന്‍സിങ് പോവുന്ന നേരത്ത് അതിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിരുന്നു. മിക്ക രാഷ്ട്രീയകക്ഷികളും ബില്ലിന്റെ കാര്യത്തില്‍ യോജിപ്പിലെത്തിയിരുന്നു.
പക്ഷേ, രണ്ടുവര്‍ഷമായിട്ടും ഈ സുപ്രധാന ബില്ല് പോലും നിയമമാക്കി എടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കാരണം, പ്രതിപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഏറ്റുമുട്ടലാണ് സര്‍ക്കാരിന് പഥ്യം. സുഗമമായ ഭരണത്തിനും വികസനത്തിനും പ്രതിപക്ഷമാണ് തടസ്സം എന്ന് വായ്ത്താരിയും.
ഭരണം കാര്യക്ഷമമായി നടത്തുന്നതിനെക്കാള്‍ എതിരാളികളെ രാഷ്ട്രീയമായി തേജോവധം ചെയ്യുകയും തകര്‍ക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് ഇപ്പോള്‍ വ്യക്തമായിവരുന്നുണ്ട്. പാര്‍ലമെന്റിന്റെ സമ്മേളനങ്ങളിലൊക്കെ പ്രതിപക്ഷത്തെ കുത്തിനോവിക്കാനും പ്രകോപിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സമവായം ബിജെപിയുടെ അജണ്ടയിലില്ല. പ്രകോപനമാണ് സ്ഥിരം രീതി.
ഇപ്പോള്‍ പാര്‍ലമെന്റില്‍ അരങ്ങേറുന്ന അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്കേസും ഇങ്ങനെ തന്നെയാണ് മുന്നേറുന്നത്. ഇറ്റലിയിലെ പ്രധാനമന്ത്രിയോട് സോണിയയെ കുടുക്കാന്‍ എന്തെങ്കിലും വഴി പറഞ്ഞുതന്നാല്‍ കേരളത്തിലെ മല്‍സ്യത്തൊഴിലാളികളെ കൊന്ന നാവികരെ വിട്ടുതരാം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പറഞ്ഞതായാണു വാര്‍ത്തകള്‍ വരുന്നത്. സോണിയക്കെതിരേ കള്ളസാക്ഷി പറയാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ബന്ധിച്ചതായി കേസിലെ മുഖ്യ സാക്ഷികളിലൊരാള്‍ എഴുതിയ കത്ത് പുറത്തുവന്നിട്ടുണ്ട്. കേസില്‍ സത്യം പുറത്തുവരുകയല്ല, ഇറ്റാലിയന്‍ ബന്ധത്തിന്റെ പേരില്‍ സോണിയയെ വീഴ്ത്തുകയാണ് ബിജെപിയുടെ ലക്ഷ്യം എന്നു വ്യക്തം.
അതുകൊണ്ടാണ് സോണിയ ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനിച്ചതും. കഴിഞ്ഞ ദിവസം സോണിയഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയും അടക്കം തലസ്ഥാനത്ത് പ്രതിഷേധപ്രകടനം നടത്തി അറസ്റ്റ് വരിച്ചു. ചുരുക്കത്തില്‍ ഭരണം നടത്തുന്നതിനേക്കാള്‍ പ്രതിപക്ഷത്തെ തകര്‍ക്കുകയും തേജോവധം  നടത്തുകയുമാണ് സര്‍ക്കാരിന്റെ മുഖ്യ അജണ്ട. ഇനിയുള്ള ദിവസങ്ങളില്‍ ഈ പിശാചുവേട്ട ശക്തിപ്പെടാനാണു സാധ്യത. കാരണം, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ല. പിന്നെ ഒരേയൊരു വഴി കുളം കലക്കി മീന്‍ പിടിക്കല്‍ തന്നെ.
ഇതു പ്രതിപക്ഷം പറയുന്നതല്ല. പരിവാര വിരുദ്ധരായ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ ഏകപക്ഷീയമായ അഭിപ്രായവുമല്ല ഇത്. ഈ കാര്യം ഇതിനേക്കാള്‍ കടുത്ത ഭാഷയില്‍ പറഞ്ഞിരിക്കുന്നത് വാജ്‌പേയി മന്ത്രിസഭയിലെ അംഗവും ഇന്ത്യന്‍ എക്‌സ്്പ്രസിന്റെ മുന്‍ പത്രാധിപരുമായ അരുണ്‍ ഷൂരിയാണ്.
മോദി തന്‍കാര്യം നോക്കിയും ഭീരുവുമാണ് എന്നാണ് ഷൂരി പരസ്യമായി പറഞ്ഞിരിക്കുന്നത്. വെടക്കാക്കി തനിക്കാക്കല്‍ നയമാണ് മോദിയുടേത്. സമീപകാലത്ത് ഉരുണ്ടുകൂടിയ എല്ലാ വിവാദ വിഷയങ്ങളും തന്റെ കാര്യം ഭദ്രമാക്കുന്നതിനു മോദി ഭരണകൂടം മനപ്പൂര്‍വം പടച്ചുവിട്ടതാണ്. ബീഫ് വിവാദവും ലൗ ജിഹാദും വിദേശകൂറും ഒക്കെ ഇത്തരം അജണ്ടകളുടെ ഭാഗമായി പടച്ചുവിടപ്പെട്ട വ്യാജ പ്രചാരണങ്ങളാണ്. ഇനിവരുന്ന മൂന്നു വര്‍ഷങ്ങളില്‍ അത് കൂടുതല്‍ പ്രചണ്ഡമായി മുന്നേറാനാണു സാധ്യത. ഇതു രാജ്യത്തിന് ആപത്താണ്.
ഷൂരി പറയുന്നത് നൂറുശതമാനവും ശരിയാവും. കാരണം, നേട്ടമെന്നു പറയാന്‍ മോദിക്ക് കാര്യമായി ഒന്നുമില്ല, പിന്നെ കുളം കലക്കി മീന്‍പിടിക്കല്‍ പണ്ടേ നന്നായി അറിയാവുന്ന പണിയുമാണ്. അപ്പോള്‍ അതു നന്നായി നടക്കും എന്നു തീര്‍ച്ച.         ി
Next Story

RELATED STORIES

Share it