ഭയമാണെനിക്ക് പെരിയാറിന്റെ തീരങ്ങളെ...

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: മഴയും വെള്ളവും എന്റെ എല്ലാം കവര്‍ന്നെടുത്തു. ഒരിക്കലും ചിന്തിച്ചിരുന്നില്ല, ഒരു നേരത്തെ ആഹാരത്തിനും എന്റെ മകള്‍ക്കുള്ള ഉടുപ്പിനും മറ്റൊരാളുടെ മുമ്പില്‍ കൈനീട്ടി നില്‍ക്കേണ്ടി വരുമെന്ന്. ഭയമാണെനിക്കു പെരിയാറിന്റെ തീരങ്ങളെ... വണ്ടിപ്പെരിയാര്‍ എല്‍പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ബ്യൂളയുടെ അച്ഛന്റെ വാക്കുകളാണിത്. സ്വന്തം കിടപ്പാടവും വീട്ടിലെ സാമഗ്രികളും വെള്ളം കയറി നഷ്ടപ്പെടുന്നതു നോക്കി നില്‍ക്കാനേ ഇവര്‍ക്കായുള്ളൂ. മുല്ലപ്പെരിയാര്‍ തുറന്നുവിട്ട രാത്രി കലിതുള്ളി ഒഴുകിയെത്തിയ പെരിയാര്‍ നദിയിലെ ജലം വീട്ടിലേക്ക് ഇരച്ചെത്തിയ ആ രാത്രി, തന്റെ മകളെയും കൈകളിലേന്തി തേയിലക്കാടിനു നടുവിലൂടെ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപില്‍ ഓടിയെത്തി അഭയം തേടുകയായിരുന്നു.വള്ളക്കടവ് കറുപ്പ് പാലത്താണു ബ്യൂളയും കുടുംബവും താമസിക്കുന്നത്. പെയിന്റിങ് തൊഴിലാളിയായ സെല്‍വനും കൂലിത്തൊഴിലാളിയായ ഭാര്യ കലയും അന്നന്നുള്ള അന്നത്തിനും മകളുടെ വിദ്യാഭ്യാസത്തിനുമാണു പ്രാധാന്യം നല്‍കിയത്. പണ്ട് പുഴയോരത്ത് വീട് പണിയുമ്പോള്‍ ഓര്‍ത്തിരുന്നില്ല ഇങ്ങനെയൊരു ദുരന്തം വേട്ടയാടുമെന്ന്. ഉള്ളതെല്ലാം വെള്ളം കവര്‍ന്നെടുത്തപ്പോള്‍ ഒരു കൂട്ടം നല്ല ആളുകളുടെ സഹായങ്ങളാണ് ഈ കുടുംബത്തിനു കൈത്താങ്ങായത്. അതാണ് ഏക ആശ്വാസം. പെരിയാറിനോടുള്ള ഭീതി ഇപ്പോഴും മനസ്സില്‍ അലയടിക്കുന്നു. സര്‍ക്കാരോ, ജില്ലാ ഭരണകൂടമോ, മറ്റേതെങ്കിലും സംഘടനകളോ തങ്ങള്‍ക്ക് ഒരു കൊച്ചുവീട് എവിടെയെങ്കിലും തന്നാല്‍ എല്ലാം വിട്ടെറിഞ്ഞു മാറാന്‍ തയ്യാറാണെന്നും സെല്‍വന്‍ പറയുന്നു.ഇവരുടെ വീടിന്റെ അവസ്ഥ ദയനീയമാണ്. മുറികള്‍ ഭാഗികമായും ശൗചാലയം പൂര്‍ണമായും തകര്‍ന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങളും പാഠപുസ്തകങ്ങളും ഉപയോഗശൂന്യമാം വിധം നശിച്ചു. വേറെ കിടപ്പാടം ഇല്ലാത്തതിനാല്‍ തകര്‍ന്ന വീട്ടില്‍ തന്നെയാണ് ഇപ്പോഴും താമസം. ഒരു വീട് ആവുന്നതു വരെ ഇവര്‍ക്ക് ആവശ്യമായ താല്‍ക്കാലിക ശൗചാലയം നിര്‍മിക്കാനുള്ള ശ്രമത്തിലാണു വണ്ടിപ്പെരിയാര്‍ എല്‍പി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ എസ് ടി രാജിന്റെ നേതൃത്വത്തിലുള്ള അധ്യാപകര്‍.പെരിയാറിന്റെ തീരത്തുള്ള പല വീടുകളുടെയും അവസ്ഥ സമാനമാണ്. മുല്ലപ്പെരിയാര്‍ തുറന്നുവിട്ടതിനെ തുടര്‍ന്നു പെരിയാറിന്റെ തീരപ്രദേശമായ കീരിക്കര, ചന്ദ്രവനം, മ്ലാമല, നാലുകണ്ടം തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. നിരവധി വീടുകളും ഏക്കറുകണക്കിന് കൃഷിയിടങ്ങളും നശിച്ചു. തോട്ടംതൊഴിലാളികളും കൃഷിക്കാരും കൂലിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് നഷ്ടങ്ങള്‍ സംഭവിച്ചവരാണേറെയും. 24 കുടുംബങ്ങളിലായി 81 പേരാണു കിടപ്പാടം നഷ്ടപ്പെട്ട് ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്. പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയത്തിലെ കേന്ദ്രത്തിലാണ് ഇവരുടെ താമസം.

Next Story

RELATED STORIES

Share it