Flash News

ഭഗവദ് ഗീതാ ലേഖനം: പ്രഭാവര്‍മയ്‌ക്കെതിരേ സംഘപരിവാര ആക്രോശം: ഭീഷണിയുടെ കത്തി പോക്കറ്റില്‍ വച്ചാല്‍ മതിയെന്ന് പ്രഭാവര്‍മ

ഭഗവദ് ഗീതാ ലേഖനം: പ്രഭാവര്‍മയ്‌ക്കെതിരേ സംഘപരിവാര ആക്രോശം: ഭീഷണിയുടെ കത്തി പോക്കറ്റില്‍ വച്ചാല്‍ മതിയെന്ന് പ്രഭാവര്‍മ
X
കോഴിക്കോട്: മീശ നോവല്‍ സംബന്ധിച്ച വിവാദത്തിന് പിന്നാലെ എഴുത്തുകാരന്‍ പ്രഭാവര്‍മയ്ക്ക് സംഘപരിവാര ഭീഷണി. അദ്ദേഹം കലാകൗമുദിയില്‍ എഴുതിയ ഭഗവത് ഗീതയുമായി ബന്ധപ്പെട്ട ലേഖനത്തെ മുന്‍നിര്‍ത്തിയാണ് ഭീഷണി വന്നിരിക്കുന്നത്. വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ അടക്കം നല്‍കി പ്രഭാവര്‍മ ഇതിനെതിരേ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.



അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഈ ലക്കം കലാകൗമുദിയില്‍ വന്ന  'ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി' എന്ന എന്റെ ലേഖനം മുന്‍നിര്‍ത്തി സംഘപരിവാര്‍ ഭീഷണി. 9539251722 എന്ന നമ്പറില്‍ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്.

ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത് എന്നു കല്പന. ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാന്‍ എഴുതിയിരുന്നു. ഗീതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളതും ഞാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കള്‍ എന്നു ഞാന്‍ ചോദിച്ചു. ' ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം' എന്നതടക്കമുള്ള ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലി കേള്‍പ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാന്‍ ചോദിച്ചു. വിവേകാനന്ദ സര്‍വ്വസ്വം എടുത്തു വായിക്കാന്‍ അപേക്ഷിച്ചു. അയാള്‍ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സര്‍വ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ?
ഏതായാലും ഒരു കാര്യം തീര്‍ത്തു പറയാം. ഗീത വായിക്കാന്‍ എനിക്കു സംഘ പരിവാര്‍ തരുന്ന കണ്ണട വേണ്ട. എഴുതാന്‍ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി! പിന്മാറുന്നവരുടെ നിരയില്‍ പ്രഭാവര്‍മയെ പ്രതീക്ഷിക്കേണ്ട.
-പ്രഭാവര്‍മ .
Next Story

RELATED STORIES

Share it