ഭഗത്‌സിങ്: മരണംകൊണ്ട് ചരിത്രമെഴുതിയ വിപ്ലവ നക്ഷത്രം

ന്യൂഡല്‍ഹി: ചിലര്‍ ചരിത്രത്തോടൊപ്പം സഞ്ചരിക്കുന്നു. മറ്റു ചിലരാവട്ടെ ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമായി മാറുകയും ചെയ്യുന്നു. അത്തരത്തില്‍ സ്വയം ചരിത്രമായിത്തീര്‍ന്ന ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വല വ്യക്തിത്വമാണ് ഇന്ത്യ ജന്മംനല്‍കിയ ധീരപുത്രന്‍ ശഹീദ് ഭഗത്‌സിങ്. ബ്രിട്ടിഷ് സാമ്രാജ്യം ചവച്ചുതുപ്പിയ ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണസൗന്ദര്യം പകര്‍ന്നേകി തൂക്കുമരം പൂകിയ ഭഗത്‌സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നീ പോരാളികളുടെ ഓര്‍മകള്‍ക്ക് ഇന്ന് 87 വയസ്സ്.
ബ്രിട്ടിഷ് അധിനിവേശത്തെ രാജ്യത്തിന്റെ മണ്ണില്‍നിന്നു തുടച്ചുനീക്കാന്‍ സായുധ പോരാട്ടം തന്നെയാണ് മികച്ച മാര്‍ഗമെന്നു തിരിച്ചറിയുകയും സ്വപ്‌നസാക്ഷാല്‍ക്കാരത്തിനായി ആ വഴി സധൈര്യം തിരഞ്ഞെടുക്കുകയും ചെയ്ത പോരാളിയായിരുന്നു ഭഗത്‌സിങ്.
ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലെ ബങ്കാ ഗ്രാമത്തില്‍ ഒരു സിഖ് കര്‍ഷക കുടുംബത്തില്‍ സര്‍ദാര്‍ കിഷന്‍സിങ്-വിദ്യാവതി ദമ്പതികളുടെ മകനായി 1907 സപ്തംബര്‍ 27നാണ് ഭഗത്‌സിങ് ജനിച്ചത്.
സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ഭഗത് വിപ്ലവകാരിയായ ലാലാ ലജ്പത്‌റായ് സ്ഥാപിച്ച നാഷനല്‍ കോളജില്‍ ചേര്‍ന്നു. യൗവനത്തില്‍ സാഹിത്യത്തില്‍ അതീവ ത ല്‍പരനായിരുന്നു. 13ാമത്തെ വയസ്സില്‍ തന്നെ മഹാത്മാഗാന്ധി രൂപം നല്‍കിയ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ഭഗത് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറി.
തന്റെ രാജ്യം അടിമത്തത്തിലായിരിക്കുന്ന കാലത്തോളം തന്റെ വധു മരണമായിരിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് വിവാഹാലോചനകളുമായി എത്തിയ മാതാപിതാക്കള്‍ക്കു മുമ്പില്‍ ഭഗത്‌സിങ് നടത്തിയത്. തുടര്‍ന്ന് കാണ്‍പൂരിലേക്കു പോയി പ്രതാപ് പ്രസ് എന്ന അച്ചടിശാലയില്‍ ജോലിക്കു ചേര്‍ന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത അധ്യായമായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത്‌സിങിന്റെ ജീവിതം മാറ്റിമറിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വിപ്ലവപാതയായിരുന്നു അദ്ദേഹം സ്വീകരിച്ചത്. സുഹൃത്തുക്കളും അതേ പാതയിലൂടെ കടന്നുവന്നു. ഇന്ത്യയുടെ ഭാഗമായിരുന്ന ലാഹോറിലെ സെ ന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസിലാണ് പിടിയിലായതെങ്കിലും ജോണ്‍ സൗണ്ടര്‍ എന്ന പോലിസുകാരനെ വധിച്ച കേസിലാണ് ഭഗത്‌സിങിനെ വധശിക്ഷയ്ക്കു വിധിച്ചത്.
1930 മെയ് 5 മുതല്‍ സപ്തംബര്‍ 10 വരെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ പ്രത്യേക കോടതി സുഖ്‌ദേവ്, ഭഗത്‌സിങ്, രാജ്ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാന്‍ വിധിച്ചു. മറ്റു 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. അസംബ്ലി ബോംബേറ് കേസില്‍ ബി കെ ദത്ത് ഉള്‍പ്പെടെ മൂന്നുപേരെ മുമ്പ് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മാപ്പപേക്ഷ നല്‍കിയാല്‍ വധശിക്ഷ ഒഴിവാകുമെന്നിരിക്കെ ബ്രിട്ടിഷുകാര്‍ക്കു മുമ്പില്‍ തലകുനിക്കാന്‍ തയ്യാറല്ലാതിരുന്ന ഭഗത്‌സിങും കൂട്ടാളികളും 1931 മാര്‍ച്ച് 23ന് തൂക്കുമരം പുല്‍കി. തങ്ങളുടെ ജീവിതംകൊണ്ട് മൂവരും കൊളുത്തിയ രണജ്വാല ഇന്ത്യന്‍ ജനത ഏറ്റെടുത്തു. ഒടുവില്‍ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് രാജ്യം നടന്നടുത്തു.
Next Story

RELATED STORIES

Share it