kannur local

ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇരിട്ടി പഞ്ചായത്ത് ബജറ്റ്

ഇരിട്ടി: ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കും സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള തുക വകയിരുത്തിയും 27,44,29,870 രൂപ വരവും 27,07,09,020 രൂപ ചെലവും 37,19,967 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ആറളം പഞ്ചായത്ത് ഭരണ സമിതി അംഗീകാരം നല്‍കി. സമ്പൂര്‍ണ ഭവന നിര്‍മാണത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ബജറ്റില്‍ 174 വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി 6.96 കോടി രൂപ നീക്കിവച്ചു.
ഭക്ഷ്യ മേഖലയില്‍ പാല്‍, മുട്ട, മാംസം എന്നിവയുടെ വര്‍ധനവിനായി പശു, ആട്, ഇറച്ചിക്കോഴി, കന്നുകുട്ടി പദ്ധതികള്‍ നടപ്പാക്കാന്‍ 73 ലക്ഷം വകയിരുത്തി.
മൃഗങ്ങള്‍ ഗര്‍ഭിണിയാണോയെന്ന് മനസ്സിലാക്കാനായി മൃഗാശുപത്രിയില്‍ സ്‌കാനിങ് യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കാന്‍ ഏഴുലക്ഷം, കീഴ്പള്ളി ബസ് സ്റ്റാന്റില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി തുറന്നു കൊടുക്കും, പഴം-പച്ചക്കറി വിപണന കേന്ദ്രം നവീകരിക്കും, എടൂരില്‍ പുതിയ കെട്ടിടത്തിലേക്ക് പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തനം മാറ്റാനുള്ള പൂര്‍ത്തീകരണ പ്രവൃത്തികള്‍ക്കായി അര കോടി എന്നിങ്ങനെ വകയിരുത്തി.
പ്ലാസ്റ്റിക് റീസൈക്ലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി ജനവാസം കുറഞ്ഞ മേഖലയില്‍ കണ്ടെത്തിയ സ്ഥലം വാങ്ങാന്‍ 40 ലക്ഷം വകയിരുത്തി. സമ്പൂര്‍ണ ഫല വൃക്ഷ ഗ്രാമം പദ്ധതിയും നടപ്പാക്കും. പ്ലാവ്, പേര, തെങ്ങ്, മാവ് എന്നിങ്ങനെ 1000 രൂപ വില വരുന്ന തൈകള്‍ 1000 കുടുംബങ്ങള്‍ക്ക് നല്‍കും. കര നെല്‍കൃഷിയും തരിശു ഭൂമി കൃഷി യോഗ്യമാക്കലും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കായി 11.25 ലക്ഷം രൂപയും നീക്കിവച്ചു.
എല്ലാ അങ്കണവാടികള്‍ ശിശു സൗഹൃദമാക്കാനായി 33 ലക്ഷം രൂപയും വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യത്തിനായി മുന്നുലക്ഷം രൂപയും വകയിരുത്തി. പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ പദ്ധതികള്‍ക്ക് ഡിപിഇസി അംഗീകാരം ആദ്യം ലഭിച്ചത് ആറളം പഞ്ചായത്തിനാണ്. വൈസ് പ്രസിഡന്റ് കെ വേലായുധന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it