ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നു മന്ത്രി കെ കെ ശൈലജ. പൊതുജനങ്ങള്‍ പഴം, പച്ചക്കറി, കുടിവെള്ളം എന്നിവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നടത്തും.
കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന കിണര്‍, പബ്ലിക് ടാപ്പുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളിലും പച്ചക്കറി, പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍, തട്ടുകടകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ജ്യൂസ്‌കടകള്‍ തുടങ്ങി വെള്ളവും പഴവര്‍ഗങ്ങളും ഉപയോഗിക്കുന്നതും കച്ചവടം ചെയ്യുന്നതുമായ എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തും. സ്‌ക്വാഡുകളുടെ സുഗമമായ നടത്തിപ്പിനു ജില്ലകളില്‍ ആവശ്യമായ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാത്തപക്ഷം അടുത്തുള്ള ജില്ലകളില്‍ നിന്നു മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡുകളില്‍ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. മലിനജലം യാതൊരു കാരണവശാലും ഭക്ഷ്യയോഗ്യമാക്കരുത്. പഴം, പച്ചക്കറി എന്നിവ കേടുവന്നതോ, പക്ഷികളോ മറ്റു ജീവികളോ കടിച്ചതോ, ഭക്ഷിച്ചതോ ആയവ ഉപയോഗിക്കരുത്. ജ്യൂസ് നിര്‍മിക്കുന്നതിനു ഭക്ഷ്യയോഗ്യമായ പഴവര്‍ഗങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. നിപ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധകള്‍ നടത്താനും നിര്‍ദേശം നല്‍കി. കുടിവെള്ളം, പഴം, പച്ചക്കറികള്‍ എന്നിവ സംബന്ധിച്ച് എന്തെങ്കിലും ആശങ്കകളോ, പരാതികളോ ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്കു താഴെ പറയുന്ന നമ്പറില്‍ അറിയിക്കാം- 7593873308.
Next Story

RELATED STORIES

Share it