wayanad local

ഭക്ഷ്യസുരക്ഷാ ഭവനം കാംപയിന് തുടക്കമായി



കല്‍പ്പറ്റ: 'എന്റെ ഭവനം ഭക്ഷ്യസുരക്ഷാ ഭവനം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ വീട്ടീലേക്കാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്തുണ്ടാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ആദ്യ ഘട്ടത്തില്‍ 50000 കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. എന്റെ കൃഷി എന്റെ സംസ്‌കാരം കാംപയിനിലൂടെയാണ് കുടുംബശ്രീ ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. ഒരോ അയല്‍ക്കൂട്ടത്തില്‍ നിന്നും നാലു പേരടങ്ങുന്ന ഗ്രൂപ്പുകള്‍ ചേര്‍ന്ന് സ്വന്താമായോ കൂട്ടമായോ തങ്ങളുടെ വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉല്‍പാദിപ്പിക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി സിഡിഎസുകളില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്താണ് പദ്ധതി നടപ്പാക്കുക. 36000 അംഗങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നിലവില്‍ കുടുംബശ്രീയില്‍ ജീവനോപാധിക്കായി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന 6745 ജെഎല്‍ജി കള്‍ക്ക് പുറമെയാണ് പുതിയ പദ്ധതിക്കായി ഗ്രൂപ്പുകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത്. വിത്തും പരിശീലനവും ഓരോ അംഗത്തിനും സൗജന്യമായി നല്‍കുന്ന പദ്ധതിക്കായി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിശീലനം ലഭിച്ച മാസ്റ്റര്‍ ഫാര്‍മേഴ്‌സാണ് വാര്‍ഡ് തല പരിശീലനത്തിന് നേതൃത്വം നല്‍കുക. രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കുള്ള വിത്ത് വാര്‍ഡ് തല പരിശീലനത്തില്‍ നല്‍കും. കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത, പച്ചക്കറികൃഷി, പരിപാലനം, അടുക്കള മാലിന്യ സംസ്‌കരണവും ജൈവവള നിര്‍മാണവും എന്നീ വിഷയങ്ങള്‍ ചേര്‍ത്തായിരിക്കും പരിശീലനം നല്‍കുക. പദ്ധതിയില്‍ അംഗമാവാന്‍ താല്‍പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ സിഡിഎസില്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നു ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം എംഎസ്എസ്ആര്‍എഫ് മേധാവി ഡോ. വി ബാലകൃഷണന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത അധ്യക്ഷത വഹിച്ചു. കെ എ ഹാരിസ്, ആരതി, സുഹൈല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it