'ഭക്ഷ്യസുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും മൊബൈല്‍ ലാബുകള്‍ വേണം'

കൊച്ചി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ജില്ലകളിലും പൂര്‍ണ സജ്ജീകരണങ്ങള്‍ ഉള്ള മൊബൈല്‍ ലാബുകള്‍ വേണമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജവിജയരാഘവന്‍. സംസ്ഥാനത്ത് ഭക്ഷ്യസാംപിളുകള്‍ പരിശോധിക്കാന്‍ മൂന്നു കേന്ദ്രങ്ങള്‍ മാത്രമേയുള്ളൂ എന്നതു തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 155ാമത് വാര്‍ഷികത്തോടനുബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് രാജ. ഭക്ഷണ സാംപിളുകളുടെ പരിശോധനാഫലം വൈകുന്നത് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമാവുന്നുണ്ട്.
പിടിച്ചെടുക്കുന്ന ഭക്ഷണസാംപിളുകള്‍ പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിലും സാംപിളുകള്‍ ഹാജരാക്കുന്നതിലും ഉണ്ടാവുന്ന കാലതാമസം ഇത്തരം കേസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പിടിച്ചെടുത്ത് ഏഴു ദിവസത്തിനകമെങ്കിലും സാംപിളുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിടിച്ചെടുക്കുന്ന സാംപിളുകളുടെ ഗുണമേന്മ കാലാവധി (എക്‌സ്പയറി ഡേറ്റ്) കഴിയും മുമ്പ് പരിശോധനാഫലം ഹാജരാക്കിയില്ലെങ്കില്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചു രക്ഷപ്പെടാന്‍ കുറ്റവാളികള്‍ക്കു കഴിയും.
പരാതികള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും കോടതികളില്‍ സമര്‍പ്പിക്കുമ്പോഴും വീഴ്ച വരുത്തിയ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ കൂടി കക്ഷിചേര്‍ക്കണമെന്നും ജസ്റ്റിസ് രാജ ആവശ്യപ്പെട്ടു. വന്‍കിട കമ്പനികള്‍ തൊഴിലാളികളില്‍ ഒരാളെ നോമിനിയായി വച്ചാല്‍ അയാള്‍ ശിക്ഷിക്കപ്പെടുകയും യഥാര്‍ഥ കുറ്റവാളി രക്ഷപ്പെടുകയും ചെയ്യും. ഭക്ഷ്യോല്‍പന്നങ്ങളിലെ മായം തടയാന്‍ സാംപിളുകള്‍ കുറ്റമറ്റ രീതിയില്‍ പരിശോധന നടത്തി ഫലം യഥാസമയം കോടതികളില്‍ സമര്‍പ്പിക്കാന്‍ കഴിയണമെന്നും ജസ്റ്റിസ് രാജ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏറ്റവും ഉചിതമായ നിയമമാണ് 2006ലെ ഭക്ഷ്യസുരക്ഷാ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫലി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it