thrissur local

ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയ സംഭവം: സ്ഥാപനങ്ങള്‍ മൂന്നുദിവസമെങ്കിലും അടച്ചുപൂട്ടിക്കണമെന്നാവശ്യം ശക്തം

ചാവക്കാട്: പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടുന്ന സ്ഥാപനങ്ങള്‍ മൂന്നു ദിവസമെങ്കിലും അടച്ചു പൂട്ടിക്കണമെന്നാവശ്യം ശക്തമാവുന്നു. കഴിഞ്ഞ ദിവസം ചാവക്കാട് നഗരത്തിലെ മൂന്നു ബേക്കറികളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മനുഷ്യോപയോഗത്തിന് ഹാനികരവും പഴകിയതുമായ ചിക്കന്‍ വിഭവങ്ങള്‍ ഉള്‍പ്പെടേയുള്ളവ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
സാധാരണ ഇത്തരത്തില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ചുമത്തുക മാത്രമാണ് ആരോഗ്യ വിഭാഗം അധികൃതര്‍ കൈക്കൊള്ളാറുള്ളത്. നഗരസഭ സെക്രട്ടറിയാണ് പിഴ എത്രയാണെന്ന് തീരുമാനിക്കുക. അതു കൊണ്ട് പിഴ അടച്ച ശേഷം ഇത്തരത്തില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ തന്നെ വീണ്ടും വില്‍പ്പന നടത്തുകയാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത്. ഇതൊഴിവാക്കണമെങ്കില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കുന്ന സ്ഥാപനങ്ങള്‍ ശിക്ഷയായി മൂന്നു ദിവസമെങ്കിലും അടച്ചു പൂട്ടിക്കണമെന്നാവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ബേക്കറി കടകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പാകം ചെയ്യാനിരുന്ന ഭക്ഷ്യ വസ്തുക്കളില്‍ ഉള്‍പ്പെടുത്താനായി സൂക്ഷിച്ചിരുന്ന ചീഞ്ഞ ചിക്കന്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് നടത്തിയ പരിശോധന സംബന്ധിച്ച വിവരം മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോള്‍ മാത്രമാണ് ആരോഗ്യ വിഭാഗം അധികൃതര്‍ നല്‍കിയത്. കടയുടമകളുമായി ആരോഗ്യ വിഭാഗം അധികൃതര്‍ക്കുള്ള അവിഹിത ബന്ധമാണ് ഇതിനു കാരണമെന്ന ആരോപണവും ഇതോടെ ശക്തമായിരുന്നു.
Next Story

RELATED STORIES

Share it