ഭക്ഷ്യവസ്തുക്കളിലെ അജിനോമോട്ടോ; പാക്കറ്റുകളില്‍ മുന്നറിയിപ്പു മാത്രം മതിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (അജിനോമോട്ടോ) കൃത്രിമമായി ചേര്‍ത്താല്‍ കണ്ടെത്താന്‍ മാര്‍ഗമില്ലെന്നും സോഡിയം അടങ്ങിയ ഭക്ഷണം വാങ്ങണമോ വേണ്ടയോ എന്നത് ഉപഭോക്താക്കള്‍ക്കു വിടുന്നതാണു നല്ലതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ സോഡിയത്തിന്റെ അളവു സംബന്ധിച്ച് രേഖപ്പെടുത്തുകയാണു വേണ്ടതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
ഭക്ഷ്യവസ്തുക്കളില്‍ സോഡിയം ചേര്‍ക്കാന്‍ നിയമപരമായി അനുമതി നല്‍കുന്നതിനു വഴിയൊരുക്കുന്നതാണ് വകുപ്പിന്റെ ഉത്തരവ്. സോഡിയത്തിന്റെ അളവ് കൂടുതലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മാഗി നൂഡില്‍സ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചത്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച 2011ലെ നിയമം ഭക്ഷ്യവസ്തുക്കളില്‍ ഫ്‌ളേവറുകള്‍ ചേര്‍ക്കാന്‍ അനുമതി നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച് പാക്കറ്റുകളില്‍ രേഖപ്പെടുത്തണം എന്നു മാത്രമാണ് നിര്‍ദേശിക്കുന്നതെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാവുന്ന സോഡിയത്തിന്റെ അളവ് എത്രയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടില്ല. സാധാരണ കഴിക്കുന്ന പാലുല്‍പ്പന്നങ്ങള്‍, ഗോതമ്പ്, പച്ചക്കറി തുടങ്ങിയവയില്‍ ഗ്ലൂട്ടാമേറ്റ് പലരീതിയില്‍ കണ്ടുവരാറുണ്ട്. സോഡിയം ഉപ്പ് ഗ്ലൂട്ടാമേറ്റിന്റെ വിവിധ രൂപങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുമ്പോള്‍ ഉല്‍പാദകര്‍ അജിനോമോട്ടോ അതില്‍ ചേര്‍ത്തോ അതോ സ്വാഭാവികമായി ഉള്ളതാണോയെന്നു കണ്ടെത്താന്‍ കഴിയില്ല. അതുകൊണ്ട് അജിനോമോട്ടോ അടങ്ങിയ ഭക്ഷണം കഴിക്കണോ വേണ്ടയോ എന്നത് ഉപഭോക്താവിനു വിടുകയാണു നല്ലതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഉത്തരവ് പറയുന്നു.
ഭക്ഷ്യവസ്തുക്കളുടെ കവറുകളില്‍ അജിനോമോട്ടോ ഉണ്ട്, ഇല്ല എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ടോയെന്നു മാത്രം പരിശോധിച്ചാല്‍ മതിയെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ വകുപ്പ് പറയുന്നു. അതുകൊണ്ട് തന്നെ അജിനോമോട്ടോ ഉണ്ടെന്ന കാരണത്താല്‍ നൂഡില്‍സ്, പിസ്ത തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കെതിരേ നടപടിയെടുക്കേണ്ട. തക്കാളി, ഉരുളക്കിഴങ്ങ്, പാല്‍ക്കട്ടി, കൂണ്‍ തുടങ്ങിയവയിലും സോഡിയം കാണാം. രുചി വര്‍ധിപ്പിക്കാന്‍ സോഡിയം കൃത്രിമമായി ചേര്‍ക്കുന്ന പതിവുണ്ട്.
Next Story

RELATED STORIES

Share it