Alappuzha local

ഭക്ഷണം ആവശ്യമുള്ളവരുടെ പട്ടിക 15നകം

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ ജനുവരി ഒന്നു മുതല്‍ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയില്‍ ഭക്ഷണം ആവശ്യമുള്ളവരുടെ പട്ടിക ഡിസംബര്‍ 15നകം തയ്യാറാക്കുമെന്ന് കലക്ടറേറ്റില്‍ നടന്ന സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ പറഞ്ഞു. ഭക്ഷണം ആവശ്യമുള്ള നിര്‍ധനരേയും അവശതയുള്ളവരേയും  കണ്ടെത്തുന്നതിനുള്ള നടപടികള്‍ നടന്നു വരുകയാണ്. ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കളയും  മറ്റാവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്നതിനുള്ള  കേന്ദ്രവും താല്‍ക്കാലികമായി സ്ഥാപിക്കുന്നതിന് ശവക്കോട്ട പാലത്തിന് പടിഞ്ഞാറു പ്രവര്‍ത്തിക്കുന്ന  രാത്രികാല പാര്‍പ്പിടത്തില്‍ സൗകര്യമൊരുക്കുന്നതിന് നഗരസഭാ കൗണ്‍സിലുമായാലോചിച്ച്  നടപടിയെടുക്കുമെന്ന് നഗരസഭാ അധ്യക്ഷന്‍ തോമസ് ജോസഫ് പറഞ്ഞു. ആധുനിക രീതിയിലുള്ള അടുക്കള സ്ഥിരമായി നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിനും ഭക്ഷണകേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്നതിനും കലക്ടര്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടി.  വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് രണ്ട് സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഭക്ഷണം ചൂടോടെ എത്തിക്കുന്നതിനുള്ള  കാസറോള്‍ ലഭ്യമാക്കുന്നതിന് വ്യക്തികളുടെയും സംഘടനകളുടെയും സഹായം തേടും. താല്‍പ്പര്യമുള്ളവര്‍ക്ക് ജില്ലാ കലക്ടറെ വിവരം അറിയിക്കാം. സന്നദ്ധ സംഘടനകളുടെ അഭാവത്തില്‍  പദ്ധതി  നടത്തിപ്പിന്  കുടുംബശ്രീ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്താനാണ് നീക്കം. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. മനോജ് കുമാര്‍, കൗണ്‍സിലര്‍ എഎം നൗഫല്‍,  ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍ ഹരിപ്രസാദ്, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it