Alappuzha local

ബ്ലോക്ക് പഞ്ചായത്തുകളില്‍ അമ്പലപ്പുഴ ഒന്നാമത്

ആലപ്പുഴ: പദ്ധതി പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചാത്തുകളില്‍ ഒന്നാമതെത്തിയ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. പ്രസിഡന്റ് അഡ്വ.പ്രജീത് കാരിക്കലും സെക്രട്ടറി ജോസഫും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ഏറ്റുവാങ്ങി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയേക്കാള്‍ കൂടുതല്‍ ചെലവഴിച്ചാണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തുകളില്‍ സംസ്ഥാനത്ത് ഒന്നാമതായത്. 3.25 കോടി രൂപയായിരുന്ന അടങ്കല്‍ തുക മുഴുവനു ഉപയോഗിച്ചതിനു പുറമേ 90 ലക്ഷം അധികം ചെലവഴിച്ചാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്.
പ്ലാസ്റ്റിക് മാലിന്യത്താല്‍ വീര്‍പ്പുമുട്ടിയ അമ്പലപ്പുഴയെ  അതില്‍ നിന്ന് മോചിപ്പിക്കാന്‍ നടത്തിയ പരിശ്രമവും അതിന്റെ വിജയവുമാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച നേട്ടങ്ങളിലൊന്ന്. അഞ്ചു പഞ്ചായത്തുകളിലായി നടപ്പാക്കിയ പ്ലാസ്റ്റിക് മാലിന്യരഹിത അമ്പലപ്പുഴ പദ്ധതിയിലൂടെ 80 ലോഡ് പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴി ശേഖരിച്ച മാലിന്യം കരുനാഗപ്പള്ളിയിലെ സ്വകാര്യ ഏജന്‍സിക്ക് കൈമാറി.ബോക്കിലെ  രണ്ടു പാടശേഖര സമതികള്‍ക്കായി 46 ലക്ഷം രൂപ ചെലവില്‍ രണ്ടു കൊയ്ത്ത് യന്ത്രം വാങ്ങിയതും ഈ കാലയളവിലെ നേട്ടങ്ങളില്‍ ഒന്നാണ്.
തൊഴിലുറപ്പു പദ്ധതിയിലെ രണ്ടു യൂണിറ്റുകള്‍ക്കായി സിമന്റുകട്ട നിര്‍മാണ യൂണിറ്റ് തുടങ്ങി. ഇതിനായി 12 ലക്ഷം രൂപയാണ് ചെലവായത്. ഭിന്നശേഷിക്കാരായ 16 പേര്‍ക്ക് മോട്ടോര്‍ സൈക്കിള്‍, 10 ലക്ഷം രൂപ ചെലവില്‍ മത്സ്യതൊഴിലാളികളുടെ മക്കളായ 200 വിദ്യാര്‍ഥികള്‍ക്ക്  പഠനോപകരണ വിതരണം  എന്നിവയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നേട്ടങ്ങളില്‍പെടും.
Next Story

RELATED STORIES

Share it