Kollam Local

ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ മരണം : പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവ്



കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന കുളപ്പാടം ഷാനവാസ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി നെടുമ്പന ചരുവിള വീട്ടില്‍ നിസാമിന് ഏഴ് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഇ എം മുഹമ്മദ് ഇബ്രാഹിമാണ് ശിക്ഷ വിധിച്ചത്. ഐപിസി 304 (മനഃപൂര്‍വമല്ലാത്ത നരഹത്യ), 279 മോട്ടോര്‍ വാഹന നിയമം 185, 134(എ)(ബി) എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. 279 വകുപ്പ് പ്രകാരം അപായകരമായി വാഹനം ഓടിച്ചതിന് ആറ് മാസം തടവും 1000 രൂപ പിഴയും എംവി ആക്ട് 185 പ്രകാരം(മദ്യപിച്ച് വാഹനം ഓടിക്കല്‍) ഒരു വര്‍ഷം തടവും 2000 രൂപ പിഴയും എംവി ആക്ട് 134(എ),(ബി) പ്രകാരം 100 രൂപ വീതം പിഴയും അടയ്ക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.മദ്യപിച്ച് കാറോടിച്ചുവന്ന നിസാം മുന്നില്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തിരുന്ന കുളപ്പാടം ഷാനവാസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയിടിച്ച് റോഡിലേയ്ക്ക് വീണ് ഷാനവാസിന്റെ തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റിട്ടും അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാനോ സംഭവം പോലിസ് സ്റ്റേഷനില്‍ അറിയിക്കാനോ പ്രതി മുതിര്‍ന്നില്ല. അപകടത്തില്‍പ്പെട്ട വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനവാസ് തിരുവനന്തപുരം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. ചാത്തന്നൂര്‍ എസ്‌ഐ ഐ ഫറോസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് എസിപി ബി രാധാകൃഷ്ണപിള്ളയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം കണ്ട സാക്ഷികള്‍ ആരുമില്ലായിരുന്നു. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി അസി. ഡയറക്ടര്‍ ഫാസില, സയന്റിഫിക് അസിസ്റ്റന്റ് ഗോപിക എന്നിവരുടെ സാന്നിധ്യത്തില്‍ സംഭവത്തിലുള്‍പ്പെട്ട വാഹനങ്ങള്‍ കൃത്യസ്ഥലത്ത് കൊണ്ടുവന്ന് പ്രത്യേക നിരീക്ഷണ മഹസ്സര്‍ തയ്യാറാക്കിയത് കോടതി തെളിവായി സ്വീകരിച്ചു. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കിയിരുന്നു.പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ കെ പി ജബ്ബാര്‍, അമ്പിളി ജബ്ബാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it