kozhikode local

ബ്ലോക്ക് തല ശിശുസംരക്ഷണ സമിതി ജൂണ്‍ 16നകം



കോഴിക്കോട്: ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ഗ്രാമപ്പഞ്ചായത്ത് തലത്തിലും ജൂണ്‍ 16 ഓടെ ശിശു സംരക്ഷണ സമിതി രൂപീകരിക്കും. കോഴിക്കോട് ജൂണ്‍ 5നും കൊടുവള്ളിയില്‍ ജൂണ്‍ 6നും ചേളന്നൂരില്‍ ജൂണ്‍ 7നും ബാലുശ്ശേരിയില്‍ 8നും പേരാമ്പ്രയില്‍ 9നും കുന്നുമ്മലില്‍ 12നും വടകരയില്‍ 13നും തോടന്നൂരില്‍ 14നും മേലടിയില്‍ 15നും പന്തലായനിയില്‍ 16നും ബ്ലോക്ക് തല യോഗം ചേരും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ശിശു സംരക്ഷണ സമിതിയുടേയും ഒ ആര്‍ സി ജില്ലാ ആക്ഷന്‍ ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഭിന്നലിംഗക്കാരായ കുട്ടികളെ കണ്ടെത്തി ഇവരുടെ പഠന സൗകര്യങ്ങള്‍ ഒരുക്കാനും ഡിഎംഒ ഓഫിസുമായി ബന്ധപ്പെടുത്താനുമുള്ള സംവിധാനം രൂപീകരിക്കാനും യോഗം തീരുമാനിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബ്ലോക്ക് തലത്തില്‍ ബാലനിധി സംവിധാനത്തെക്കുറിച്ച് ശില്‍പശാല സംഘടിപ്പിക്കും. കുട്ടികള്‍ക്കെതിരേയുള്ള ചൂഷണം തടയാനായി ബോധവല്‍ക്കരണ പരിപാടികള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ ശിശു സംരക്ഷണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ റൂറല്‍ മേഖലയില്‍ നിരുത്തരവാദിത്തപരമായ പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇതിനെതിരേയുള്ള പ്രാഥമികമായ അറിവ് താഴേത്തട്ടിലുള്ളവര്‍ക്ക് നല്‍കണമെന്ന് യോഗത്തില്‍ സംസാരിച്ച എഡിഎം ടി ജെനില്‍കുമാര്‍ പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക് ഷന്‍ ഓഫിസര്‍ ഷീബ മുംതാസ്, ഡിഎംഒ ഡോ. രവികുമാര്‍, ഡിഎല്‍എസ്എ സെക്രട്ടറി എല്‍ ബൈജു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ടി പി സാറാമ്മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it