kasaragod local

ബ്ലോക്ക് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഐക്ക് ഭൂരിപക്ഷം കുറഞ്ഞു

കാഞ്ഞങ്ങാട്: സിപിഎമ്മിന് മൃഗീയാധിപത്യമുള്ള, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അമ്പലത്തുകര ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായ പോളിങ് ശതമാനക്കുറവ് സിപിഎം പ്രവര്‍ത്തകരുടെ നിസ്സംഗത മൂലമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മടിക്കൈ പഞ്ചായത്തിലെ ഏഴും അജാനൂര്‍, പഞ്ചായത്തിലെ രണ്ടും വാര്‍ഡുകള്‍ അടങ്ങിയതാണ് അമ്പലത്തുകര ബ്ലോക്ക് ഡിവിഷന്‍. സിപിഐ-സിപിഎം ധാരണയനുസരിച്ച് സിപിഐക്കാണ് ഈ ഡിവിഷന്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ യമുനാരാഘവന്‍ അയ്യായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
അന്നത്തെ പോളിങ് ശതമാനം 81. യമുനാ രാഘവന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് അംഗത്വം രാജിവച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞടിപ്പില്‍ പോളിങ് ശതമാനം 57. ഏതാണ്ട് മുപ്പത് ശതമാനത്തോളം വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
സിപിഎമ്മിന് ആധിപത്യമുള്ള വാര്‍ഡായതിനാല്‍ എന്ത് തന്നെയായാലും മുന്നണി സ്ഥാനാര്‍ഥി ജയിക്കുമെന്ന നിലപാടില്‍ പ്രവത്തകര്‍ വേണ്ടത്ര താല്‍പര്യമെടുത്തില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2000ഓളം വോട്ടുകള്‍ ലഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ അത് 800 ആയി ചുരുങ്ങി. സിപിഎം-സിപിഐ തര്‍ക്കമാണ് സിപിഎം പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വലിപ്പിച്ചതെന്നും ഒരു വിഭാഗം പറയുന്നു.
ആകെ 10111 വോട്ടര്‍മാരാണ് ഡിവിഷനിലുള്ളത്. എന്നാല്‍ 5825 വോട്ടര്‍മാര്‍ മാത്രമാണ് വോട്ട് ചെയ്തത്. സിപിഐയിലെ ഓമനക്ക് 4513 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ പ്രാവശ്യം വിജയിച്ച യമുനക്ക് ലഭിച്ചതിനേക്കാള്‍ 1400ഓളം വോട്ടിന്റെ കുറവാണുള്ളത്. കെ ശോഭന (ബിജെപി) 823 വോട്ടും സുശീല (കോണ്‍ഗ്രസ്) 489 വോട്ടുമാണ് നേടിയത്.
Next Story

RELATED STORIES

Share it