kasaragod local

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഡിസിസി പ്രസിഡന്റിനാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റിനെ മാറ്റണമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി കമ്മീഷനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ ആറ് ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട് ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരനേയും മാറ്റുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിമൂലമാണ് പാര്‍ട്ടിക്ക് ജില്ലയില്‍ ദയനീയ പരാജയം ഉണ്ടായത്. മാത്രവുമല്ല ചില കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി യുഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ രംഗത്തുവന്നതും കെപിസിസിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
ലീഗ് മല്‍സരിച്ച ദേലമ്പാടി, എടനീര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന പരപ്പ ബ്ലോക്ക് പഞ്ചായത്തും ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, പുല്ലൂര്‍ പെരിയ, എണ്‍മകജെ പഞ്ചായത്ത് ഭരണവും കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളില്‍ പാര്‍ട്ടി സീറ്റുകള്‍ നഷ്ടപ്പെട്ടതും കോണ്‍ഗ്രസിലെ വിഭാഗീയത മൂലമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മാത്രവുമല്ല കോണ്‍ഗ്രസിന് വൈസ് പ്രസിസന്റ് സ്ഥാനം ലഭിക്കേണ്ടുന്ന കുറ്റിക്കോല്‍ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയടക്കം ബിജെപിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതും നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒരംഗത്തിനും വിജയിപ്പിക്കാനായില്ല. പരമ്പരാഗതമായ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടതും നേതൃത്വത്തിന്റെ ചില നിലപാടുകള്‍ മൂലമായിരുന്നു.
ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഡിസിസി പ്രസിഡന്റിനെ മാറ്റാന്‍ തത്വത്തില്‍ തീരുമാനിച്ചതെന്നാണ് വിവരം. അതിനിടെ കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍ ഗംഗാധരനോട് തല്‍സ്ഥാനം രാജിവെക്കാന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് ഇദ്ദേഹം കാരണക്കാരനാണെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it