Kollam Local

ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ലൈഫ് പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തീരുമാനം

കണ്ണനല്ലൂര്‍: മുഖത്തലയില്‍ നടന്ന ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ പരിപാടിയില്‍  ജനകീയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം. ലൈഫ് പദ്ധതി നടത്തിപ്പിന്റെ ഗതിവേഗം കൂട്ടാനും ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളുടെ അവലോകനത്തോടെയാണ് പരിപാടി തുടങ്ങിയത്. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ പദ്ധതി നിര്‍വഹണത്തിന്റെ സംക്ഷിപ്തം അവതരിപ്പിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ കലക്ടര്‍ വീടുകള്‍ അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും ഈ മാസം 30ന് മുമ്പ് ആദ്യഗഡു തുക വിതരണം ചെയ്യണം. പരമാവധി വീടുകളുടെ നിര്‍മാണത്തിന് നിശ്ചിത കാലയളവിനുള്ളില്‍ കരാറുണ്ടാക്കുകയും വേണം. പ്രത്യേക ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. നിര്‍മാണ പ്രവര്‍ത്തനത്തിന് വേഗം കൂട്ടാന്‍ ഓരോ പഞ്ചായത്തിലും കട്ടനിര്‍മാണ യൂനിറ്റുകളുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ നിര്‍ദേശമുണ്ട്. കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് പൊതുവില്‍ ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാനും തീരുമാനിച്ചു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെടുത്തി കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ നടപടിയുണ്ടാകും. കുടിവെള്ള വിതരണ ലൈനിലെ ചോര്‍ച്ച പരിഹരിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യം പരിഗണിച്ച് ജലവിഭവ വകുപ്പിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ഖനനം വഴി വെള്ളക്കെട്ടായ ഇടങ്ങളില്‍ മല്‍സ്യകൃഷി വ്യാപിപ്പിക്കണം. തീരപ്രദേശ മേഖലകളിലെ വിനോദസഞ്ചാര സാധ്യത പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കണം. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനായി വിത്തു വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മേവറത്തെ മാലിന്യനിക്ഷേപം തടയുന്നതിന് താല്‍ക്കാലിക പോലിസ് എയിഡ് പോസ്റ്റിന് ശുപാര്‍ശ ചെയ്യും. പഞ്ചായത്തുകളിലെ പൊതുപ്രശ്‌നങ്ങള്‍ അതത് വാര്‍ഡ് അംഗങ്ങള്‍ വിശദീകരിച്ചു. പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ സ്ത്രീസൗഹൃദ ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് യുവതീയുവാക്കളുമായി ആശയവിനിമയം നടത്തിയ കലക്ടര്‍ അറിയിച്ചു. വായനശാലകളുടെ വിപുലീകരണം, ഭൗതികസാഹചര്യം മെച്ചപ്പെടുത്തല്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിശീലനം തുടങ്ങിയ വിഷയങ്ങളും പുതുതലമുറ ശ്രദ്ധയില്‍പ്പെടുത്തി. പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പുതിയ ആശയങ്ങളും അവര്‍ അവതരിപ്പിച്ചു. ചേരിക്കോണം തലച്ചിറ കോളനി, ഇളമ്പള്ളൂര്‍ സെറ്റില്‍മെന്റ് കോളനി എന്നിവടങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. തലച്ചിറയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമി പുറമ്പോക്കിലുളളവര്‍ക്ക് പതിച്ചു നല്‍കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ധാരണയായി. ചിറ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തി. തുര്‍ന്ന് കോളനിയിലെ ബിരുദധാരികളായ വിദ്യാര്‍ഥിനികളുമായി അദ്ദേഹം ആശയവിനിമയം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് നാസറുദീന്‍, ജെ സുലോചന, സുജാത മോഹന്‍, എല്‍ ലക്ഷ്മണന്‍, ടി വിനിതകുമാരി, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ ആര്‍ വിമല്‍ചന്ദ്രന്‍, എഡിസി ജനറല്‍ കെ എന്‍ ശശീന്ദ്രന്‍, ലൈഫ് പ്രോജക്ട് ഓഫിസര്‍ എ ലാസര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it