Flash News

ബ്ലൂവെയ്ല്‍ ഒരു ദേശീയ പ്രശ്‌നമാണെന്ന് സുപ്രിംകോടതി



ന്യൂഡല്‍ഹി: ഏറെ വിവാദമായ ഓണ്‍ലൈന്‍ ഗെയിം ബ്ലൂവെയ്ല്‍ ഒരു ദേശീയ പ്രശ്‌നമാണെന്നു സുപ്രിംകോടതി. നിരവധി യുവാക്കളെയും കുട്ടികളെയും അപകടത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചെന്നു കരുതുന്ന ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ദൂരദര്‍ശന്‍ അടക്കമുള്ള എല്ലാ ടെലിവിഷന്‍ ചാനലുകളും ബ്ലൂവെയ്ല്‍ പോലുള്ള ഇത്തരം അപകടകാരികളായ ഗെയിമുകള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. ഗെയിമിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ തയ്യാറാക്കണമെന്നും ചാനലിന്റെ പ്രൈം ടൈമില്‍ ഇവ സംപ്രേഷണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ വീഡിയോ തയ്യാറാക്കി സംപ്രേഷണം ചെയ്യാനാണ് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാനവ വിഭവശേഷി മന്ത്രാലയം, ശിശുക്ഷേമ മന്ത്രാലയം, ഐടി മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ചു പരിപാടി തയ്യാറാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കാര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. കേസില്‍ നവംബര്‍ 15ന് സുപ്രിംകോടതി വീണ്ടും വാദം കേള്‍ക്കും.
Next Story

RELATED STORIES

Share it