ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് അവസാന നാട്ടങ്കം

കൊച്ചി: പുറത്താവലിന്റെ മുറിവുണങ്ങും മുമ്പ് സ്വന്തം നാട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും ബൂട്ടുകെട്ടുന്നു. ഐഎസ്എല്ലില്‍ ഇന്നു നടക്കുന്ന മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പ് കൂടിയായ ബ്ലാസ്റ്റേഴ്‌സ് ശക്തരായ എഫ്‌സി ഗോവയെയാണ് കൊച്ചിയില്‍ എതിരിടാനൊരുങ്ങുന്നത്.
നിര്‍ണായക മല്‍സരങ്ങളില്‍ ചെന്നൈ എഫ്‌സിയോട് 1-4നു തകര്‍ന്നടിഞ്ഞതും മുംബൈ സി റ്റിയോട് 1-1ന് സമനില വഴങ്ങിയതുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമിഫൈനല്‍ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായത്. പ്രതിരോധനിരവന്‍ ഫ്‌ളോപ്പായത് മഞ്ഞപ്പടയ്ക്കു ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെതന്നെ പുറത്തേക്കുള്ള വഴി തെളിയിച്ചു.
സീസണിന്റെ തുടക്കത്തില്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലറിന്റെ തന്ത്രങ്ങള്‍ നനഞ്ഞ പടക്കമായതാണ് ബ്ലാസ്റ്റേഴ്‌സ് വന്‍ ആഘാതമായത്. പിന്നീട് ടീമിന്റെ തുടര്‍ച്ചയാ യ തോല്‍വിയെ തുടര്‍ന്ന് ടെയ്‌ലര്‍ സ്വയം സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അല്‍പ്പമെങ്കിലും ജീവന്‍വച്ചത്. ട്രെവന്‍ മോര്‍ഗനും ഒടുവി ല്‍ ടെറി ഫിലാനും മഞ്ഞപ്പടയ്ക്ക് തന്ത്രങ്ങളോതി. പക്ഷേ, ആദ്യ ഏഴു മല്‍സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റ് മാത്രം നേ ടിയ ബ്ലാസ്‌റ്റേഴ്‌സിന് അദ്ഭുതങ്ങളൊന്നും കാണിക്കാനുള്ള അവ സരം ലഭിക്കാതെ പോയതും തിരിച്ചടിയായി. ആദ്യ ഏഴു കളികളില്‍ നാലിലും തോറ്റ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് സമനിലയും ഒരു ജയവുമാണ് കൈക്കലാക്കിയത്.
പിന്നീടുള്ള അഞ്ചു മല്‍സരങ്ങളില്‍ നിന്ന് ഏഴു പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ് കരസ്ഥമാക്കിയത്. ഇതില്‍ രണ്ട് വീതം വിജയവും തോല്‍വിയും ഒരു സമനിലയും ഉള്‍പ്പെടുന്നു.
ഈ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോടാണ് ബ്ലാസ്‌റ്റേഴ്‌സ് ആധികാരിക പ്രകടനം കാഴ്ചവച്ചത്. കൊച്ചിയി ല്‍ 3-1ന് തകര്‍ത്ത ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തരിപ്പണമാക്കുകയും ചെയ്തു.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോംഗ്രൗണ്ട് മല്‍സരമാണ് ഇന്നത്തേത്. ബ്ലാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് നേരത്തേ പുറത്തായത് ഐഎസ്എല്‍ സംഘാടകര്‍ക്കും തിരിച്ചടിയാണ്. കാരണം, ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരങ്ങള്‍ കാണാന്‍ ലക്ഷങ്ങളാണ് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. എവേ മല്‍സരത്തില്‍ പോലും കൂടുതല്‍ ആരാധകരെത്തുന്ന ടീം കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ്. ബ്ലാസ്‌റ്റേഴ്‌സിന്റെ പുറത്താവല്‍ സാമ്പത്തികമായി ഐഎസ്എല്‍ സംഘാടകര്‍ക്ക് തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല.
പരിക്കേറ്റ സാഞ്ചസ് വാട്ടിനു പകരം ടീമിലെത്തിയ ബ്രസീലി ല്‍ നിന്നുള്ള റോഡ്രിഗോ അരോസ് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ അന്തിമ ഇലവനില്‍ കളിക്കുമോ യെന്ന കാര്യം വ്യക്തമായിട്ടില്ല. എന്തിരുന്നാലും ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ വിജയക്കൊടി നാട്ടി അവസാനസ്ഥാനക്കാരെന്ന ചീത്തപേര് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട.
അതേസമയം, ഗോവയെ സംബന്ധിച്ച് ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ഇന്നു ജയിച്ചാല്‍ സീക്കോ പരിശീലിപ്പിക്കുന്ന ഗോവയ്ക്ക് സെമി ഏറക്കുറെ ഉറപ്പിക്കാം.
Next Story

RELATED STORIES

Share it