ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് വാരിയേഴ്‌സിനു പരമ്പര

ഹൂസ്റ്റണ്‍ (അമേരിക്ക): ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് സീരീസില്‍ ഇന്നലെ നടന്ന വാശിയേറിയ രണ്ടാമത്തെ മല്‍സരത്തില്‍ സചിന്‍ ബ്ലാസ്റ്റേഴ്‌സിനെ തരിപ്പണമാക്കി വോണ്‍ വാരിയേഴ്‌സ് പരമ്പര സ്വന്തമാക്കി. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 57 റ ണ്‍സിന്റെ ആധികാരിക ജയവുമായാണ് വോണും സംഘവും മൂന്നു ട്വന്റികളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കിയത്.
ലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സങ്കക്കാര ബാറ്റിങ് വിസ്‌ഫോടനം തീര്‍ത്ത കളിയില്‍ ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 262 റണ്‍സ് വാരിക്കൂട്ടി. കേവലം 30 പന്തില്‍ ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കം സങ്കക്കാര 70 റണ്‍സാണ് അടിച്ചെടുത്തത്.
മറുപടിയില്‍ വാലറ്റത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷോ ണ്‍ പൊള്ളോക്ക് (55) പൊരുതിനോക്കിയെങ്കിലും എട്ടു വിക്കറ്റിനു 205 റണ്‍സില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടമവസാനിച്ചു. ക്യാപ്റ്റന്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ 33 റ ണ്‍സെടുത്തു പുറത്തായപ്പോ ള്‍ മറ്റുള്ളവരൊന്നും 30 റണ്‍സ് തികച്ചില്ല.
നാലു വിക്കറ്റെടുത്ത മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സിമണ്‍സാണ് വാരിയേഴ്‌സിന്റെ ജയം അനായാസമാക്കിയത്. മുന്‍ പാകിസ്താന്‍ സ്പിന്നര്‍ സഖ്‌ലയ്ന്‍ മുഷ്താഖ് രണ്ടു വിക്കറ്റെടുത്തു.
നേരത്തേ സങ്കക്കാരയുടെ മാസ്മരിക ഇന്നിങ്‌സാണ് വാരിയേഴ്‌സിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. സങ്കക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നാളെ ലോസ് ആഞ്ചല്‍സില്‍ നടക്കും.
Next Story

RELATED STORIES

Share it