Sports

ബ്ലാസ്റ്റേഴ്‌സിനു ജീവശ്വാസം

ഗുവാഹത്തി: ചുറ്റിലും മലനിരകളാല്‍ നിറഞ്ഞ ഗുവാഹത്തി സാരുസജയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ ഒരു ഗോളിന്റെയെങ്കിലും ജയമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിട്ടത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ യാതൊരു അവസരവും നല്‍കാതെ നോര്‍ത്ത് ഈസ്റ്റിനെ ഗോള്‍ മഴയില്‍ മുക്കിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നേടിയത് ഒന്നിനെതിരേ നാലു ഗോളിന്റെ ത്രസിപ്പിക്കുന്ന ജയം. ടൂര്‍ണമെന്റില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ രണ്ടാം ജയം സ്വന്തമാക്കിയ കേരളം 11 പോയിന്റുമായി ഏഴാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റുകാര്‍ അഞ്ചാം സ്ഥാനത്തു തുടരുകയാണ്.
എതിരാളികള്‍ കണ്ണു ചിമ്മിത്തുറക്കുന്നതിനിടേയായായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രഹരം. കിക്കോഫി ല്‍ നിന്നു ലഭിച്ച പന്ത് ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നി ന്നും ഹോസു ഇടതു വിങ്ങില്‍ കളിച്ച അന്റോണിയോ ജര്‍മന് കൈമാറി. പെനല്‍റ്റി ബോക്‌സിനു സമീപത്തേക്ക് ഓടിയടുത്ത ഡാഗ്നലിന് ജര്‍മന്‍ കൃത്യമായി പന്തെത്തിച്ചു. ഗാഗ്നലിന്റെ ഷോട്ട് മലയാളി ഗോള്‍കീപ്പര്‍ രഹനേഷിനെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു (1-0).

ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളോടെ കേരളം ആഘോഷിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ നോര്‍ത്ത് ഈസ്റ്റ് താരങ്ങളും കാണികളും സ്തബ്ധരായി.ഗോള്‍ വീണതോടെ ആക്രമിച്ചു കളിക്കുന്ന നോര്‍ത്ത് ഈസ്റ്റിനെയാണ് പിന്നീട് കാണാനായത്. ഗോള്‍കീപ്പര്‍ ബെവാര്‍ട്ടന്‍ രക്ഷകനായതിനാലാണ് 14ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് സമനില പിടിക്കാതിരുന്നത്.
14ാം മിനിറ്റില്‍ സിമാവോയെ സന്ദേശ് ജിങ്കാന്‍ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീ-കിക്ക് അനുവദിച്ചു. ഉയര്‍ന്നു പൊങ്ങിയ സിമാവോയുടെ കിക്കില്‍ ഹമ്പര്‍ട്ട് തലവച്ചു പോസ്റ്റിലേക്കു പോസ്റ്റിലേക്കു തിരിച്ചു വിട്ടെങ്കിലും ബെവാര്‍ട്ടന്‍ മനോഹരമായി രക്ഷപെടുത്തുകയായിരുന്നു. 21ാം മിനിറ്റില്‍ കേരളം വീണ്ടും ലീഡുയര്‍ത്തി. ജോസു നല്‍കിയ പന്തില്‍ ബോക്‌സിനെ ലക്ഷ്യമാക്കി ഓടിയ കെവിന്‍ ലോബോയുടെ തകര്‍പ്പന്‍ ഫിനിഷ്. (2-0) ആദ്യ പകുതിയുടെ അവസാനത്തില്‍ ജോസുവിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍ രഹനേഷ് ഡൈവ് ചെയ്തു പന്ത് തടുത്തിട്ടു.
രണ്ടാം പകുതിയിലും ആവേശം ചോരാതെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നിര. ആദ്യ ഗോളിനു വഴി മരുന്നിട്ട ജര്‍മന്‍-ഹോസു സഖ്യത്തിന്റെ വകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍. 75-ാം മിനിറ്റില്‍ ജോസു നല്‍കിയ പന്ത് നോര്‍ത്ത് ഈസ്റ്റിന്റെ നെഞ്ചകം പിളര്‍ത്തി പെനല്‍റ്റി ബോക്‌സിനടത്തു നി ന്നും ജര്‍മന്‍ നിറയൊഴിച്ചു.(3-0). ഒരു മിനിറ്റ് തികഞ്ഞപ്പോള്‍ ഡഗ്നല്‍ മല്‍സരത്തില്‍ തന്റെ ഇരട്ട ഗോളും നേടി വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡുയര്‍ത്തി. ഒറ്റക്കുള്ള മുന്നേറ്റത്തിലൂടെയായിരുന്നു ഡഗ്നലിന്റെ രണ്ടാം ഗോള്‍. ലോബോ നല്‍കിയ പന്തില്‍ ് ഇടതു വിങ്ങിലൂടെ ഓടിക്കയറി ഡഗ്നല്‍ നിറയൊഴിച്ചു. (4-0).
ആശ്വാസ ഗോളിനായി ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു നോര്‍ത്ത് ഈസ്റ്റിന്. മുന്‍ കളികളിലേതു പോലെ അവസാന നിമിഷം കേരളം വരുത്തിയ പിഴവില്‍ നിന്നുമായിരുന്നു ഗോള്‍ പിറന്നത്. 91ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ കമറ നല്‍കിയ പാസില്‍ കേരളത്തിന്റെ പ്രതിരോധനിരക്ക് വന്ന പിഴവ് മുതലെടുത്ത് നിക്കോളാസ് വാലസിന്റെ ഷോട്ട് ബെവാര്‍ട്ടനെ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക്. (4-1). ഈ മാസം 21ന് ചെന്നെയ്ന്‍ എഫ്.സിയുമായാണ് കേരളത്തിന്റെ അടുത്ത മല്‍സരം.
Next Story

RELATED STORIES

Share it