ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും ചുവപ്പ് കാര്‍ഡ്

സൂറിച്ച്: ഫുട്‌ബോളിലേക്ക് തിരിച്ചുവരാനുള്ള ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെയും യുവേഫ മേധാവി മിഷയേല്‍ പ്ലാറ്റിനിയുടെയും പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടി. സുതാര്യമല്ലാത്ത പണമിടപാട് നടത്തിയതിനെത്തുടര്‍ന്ന് ഫിഫയുടെ ചുവപ്പ് കാര്‍ഡ് ലഭിച്ച ഇരുവരുടെയും കരിയറിന് തന്നെ അന്ത്യം കുറിച്ചേക്കാവുന്നതാണ് പുതിയ നടപടി.
ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിയാണ് ഇരുവര്‍ക്കും എട്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. ഈ കാലയളവില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും ബ്ലാറ്റര്‍ക്കും പ്ലാറ്റിനിക്കും വിട്ടുനില്‍ക്കേണ്ടിവരും. വിലക്ക് ഇന്നലെ തന്നെ നിലവില്‍ വന്നുകഴിഞ്ഞു. വിലക്കിനെക്കൂടാതെ ബ്ലാറ്റര്‍ക്ക് 33,700 യൂറോയും പ്ലാറ്റിനിക്ക് 54,000 യൂറോയും പിഴയായി ചുമത്തുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഔദ്യോഗികപദവി ഇരുവരും ദുരുപയോഗം ചെയ്തതായി എത്തിക്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. അഴിമതിയി ല്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് ബ്ലാറ്ററും പ്ലാറ്റിനിയും കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്.
ഫിഫയ്ക്കായും തനിക്കാ യും പോരാടുമെന്ന് 79കാരനായ ബ്ലാറ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിലക്കിനെതിരേ അപ്പീല്‍ നല്‍കുന്നതോടൊപ്പം അന്താരാഷ്ട്ര കായിക കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലാറ്റിനിയും വിലക്കിനെതിരേ അപ്പീല്‍ നല്‍ കുമെന്നാണ് സൂചന. അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
അഴിമതിക്കേസില്‍ അന്വേ ഷണം നേരിടുന്നതിനാല്‍ ബ്ലാറ്ററും പ്ലാറ്റിനിയും നേരത്തേ തന്നെ സസ്‌പെന്‍ഷനിലാണ്. 1998 മുതല്‍ ഫിഫ പ്രസിഡന്റ് സ്ഥാനത്തുള്ള ബ്ലാറ്റര്‍ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത വ ര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ബ്ലാറ്ററുടെ പകരക്കാരനായി പ്ലാറ്റിനിക്കാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ അഴിമതിക്കേസില്‍ സസ്‌പെന്റെ ചെയ്യപ്പെട്ട പ്ലാറ്റിനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫിഫ തള്ളുകയായിരുന്നു.
2011ല്‍ രേഖകളില്ലാതെ പ്ലാറ്റിനിയുടെ അക്കൗണ്ടിലേക്ക് 200 ലക്ഷം ഡോളര്‍ അനധികൃതമായി മാറ്റിയെന്ന കുറ്റമാണ് ബ്ലാറ്ററുടെയും പ്ലാറ്റിനിയുടെയും വിലക്കിനു കാരണമായത്. 2007 മുതല്‍ യുവേഫയുടെ മേധാവിയാണ് മൂന്നു തവണ ലോക ഫു ട്‌ബോളര്‍ കൂടിയായ മുന്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ പ്ലാറ്റിനി.1998 മുതല്‍ 2002 വരെയുള്ള കാലയളവില്‍ ബ്ലാറ്ററുടെ സാങ്കേതിക ഉപദേഷ്ടാവായിരുന്നു അദ്ദേഹം.
അഴിമതിക്കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഫിഫയിലെ ഏഴു മുതിര്‍ന്ന ഒഫീഷ്യലുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it