kasaragod local

ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ ഉപയോഗിച്ച് ചെങ്കല്ല് വ്യാപാരിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ചൗക്കി മജലിലെ സഹീര്‍ മന്‍സിലില്‍ മുഹമ്മദ് സഹീര്‍(25), ചൂരി ബദര്‍ നഗറിലെ ജാസ്മിന്‍ മന്‍സിലില്‍ ഇസ്മായില്‍(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയും കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവും ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. മലയോരത്തെ ചെങ്കല്‍ വ്യാപാരിയെ തലശ്ശേരി സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ യുവതി മിസ്ഡ് കോളിലൂടെ പരിചയപ്പെട്ടിരുന്നു. പിന്നീട് നിരന്തരം ഫോണില്‍ ഇവര്‍ സംസാരിച്ചിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ യുവതി താന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെങ്കല്‍ വ്യാപാരിയായ യുവാവും സുഹൃത്തും കാറില്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. യുവതി ഇവരെ കണ്ടതോടെ കാറില്‍ ചെന്ന് കയറി. ഇവര്‍ പോകാനൊരുങ്ങിയതോടെ മറ്റു മൂന്ന് യുവാക്കള്‍ കൂടി ഓടിയെത്തി ഈ കാറില്‍ കയറുകയും കാര്‍ മംഗളൂരുവിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പോകാന്‍ തയ്യാറാകാതെ വന്നതോടെ സംഘം ചെങ്കല്‍ വ്യാപാരിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി. അപകടം മണത്ത ചെങ്കല്‍ വ്യാപാരിയായ യുവാവ് കാര്‍ മംഗളൂരുവിലേക്ക് പോകാമെന്ന് പറഞ്ഞ് മുന്നോട്ടെടുക്കുകയും ബാങ്ക് റോഡ് കഴിഞ്ഞതോടെ കാര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലേക്ക് കയറ്റുകയായിരുന്നു. എന്നാല്‍ പെട്ടന്ന് കാര്‍ ഓഫായതോടെ യുവതിയും സംഘത്തിലെ ഒരു യുവാവും ഡോര്‍ തുറന്ന് ഇറങ്ങി ഓടി. കാറിലുണ്ടായിരുന്ന മുഹമ്മദ് സഹീറിനെയും ഇസ്മയിലിനെയും പോലിസ് പിടികൂടുകയായിരുന്നു.
ആംബുലന്‍സ് ഡ്രൈവര്‍ ഫാറൂഖിനെ വധിക്കാന്‍ ശ്രമിക്കുകയും ഹരിജന്‍ സ്ത്രീയെ അക്രമിക്കുകയും ചെയ്തതടക്കം മൂന്ന് കേസുകള്‍ മുഹമ്മദ് സഹീറിനെതിരെയുണ്ട്. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം വച്ച് ഓട്ടോ ഡ്രൈവര്‍ സന്ദീപിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇസ്മയില്‍.
Next Story

RELATED STORIES

Share it