kozhikode local

ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍

കുന്ദമംഗലം: കുന്നമംഗലത്ത് ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. കുന്ദമംഗലം പോലിസ് സ്റ്റേഷന്‍ പരിധിയിലെ എന്‍ഐടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യുവാക്കള്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫി (32) എന്നയാളെയാണ് കെട്ടാങ്ങല്‍ എന്‍ഐടി പരിസരത്ത് വച്ച് കുന്ദമംഗലത്ത് പുതിയതായി ചാര്‍ജെടുത്ത എസ്‌ഐ കൈലാസ്‌നാഥും അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള െ്രെകം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വിപണിയില്‍ എകദേശം രണ്ട് ലക്ഷത്തോളം വില വരുന്ന 21 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഇയാളില്‍ നിന്നും  കണ്ടെടുത്തിട്ടുണ്ട്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ മഹേഷ്‌കുമാര്‍ കാളിരാജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍പ് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട ആളുകളെ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തിവരവെയാണ് ഇയാള്‍ പിടിയിലാവുന്നത്.
മുമ്പ് ഇയാള്‍ നിയമവിരുദ്ധമായി ഒരു കിലോയിലധികം കഞ്ചാവ് കൈവശംവച്ചതിന് നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. ഒരു ഗ്രാം ബ്രൗണ്‍ഷുഗര്‍ 1000 രൂപയുടെ 20ഓളം പായ്ക്കുകളിലാക്കിയാണ് ഇയാള്‍ വില്‍പ്പന നടത്താറുള്ളതെന്ന് പോലിസ് അറിയിച്ചു. കാസര്‍ഗോഡ്, തലശ്ശേരി ഭാഗങ്ങളില്‍ നിന്നുമാണ് ബ്രൗണ്‍ഷുഗര്‍ കോഴിക്കോട്ടേക്ക് എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇയാള്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ചു നല്‍കുന്നവരെക്കുറിച്ചും ഇയാളില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ വാങ്ങിക്കുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it