kannur local

ബ്രൗണ്‍ഷുഗറും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍; ഒരാള്‍ രക്ഷപ്പെട്ടു

കണ്ണൂര്‍/തലശ്ശേരി: ജില്ലയില്‍ കണ്ണൂരിലും തലശ്ശേരിയിലും ബ്രൗണ്‍ഷുഗറും കഞ്ചാവും കടത്തുകയായിരുന്ന രണ്ട് യുവാക്കളെ പിടികൂടി. 40 പൊതി ബ്രൗണ്‍ഷുഗറുമായി കണ്ണൂര്‍സിറ്റി അണ്ടത്തോട് സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ റാസിഖാ(23)ണ് പിടിയിലായത്. സിറ്റി സിഐ പ്രകാശന്‍ പടന്നയുടെ നേതൃത്വത്തിലുള്ള സംഘം ചാല പൊതുവാച്ചേരിയില്‍ നിന്നാണ് റാസിഖിനെ പിടികൂടിയത്. മുംബൈയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ബ്രൗണ്‍ഷുഗര്‍ റാസിഖിന് കൈമാറുമ്പോഴാണ് പിടിയിലായത്. ബ്രൗണ്‍ ഷുഗര്‍ എത്തിച്ചയാള്‍ ഓടിരക്ഷപ്പെട്ടതായി പോലിസ് പറയുന്നു. മുംബൈയില്‍ നിന്നെത്തിക്കുന്ന ബ്രൗണ്‍ ഷുഗര്‍ കണ്ണൂര്‍ പാപ്പിനിശേരി, വളപട്ടണം ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നയാളാണ് പിടിയിലായതെന്നു പോലിസ് വ്യക്തമാക്കി. കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി പി രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്പിയുടെ ഷാഡോ പോലിസിന്റെ സഹായത്തോടെയാണ് റാസിഖിനെ പിടികൂടിയത്. പിടികൂടിയ ബ്രൗണ്‍ ഷുഗറിന് 12,000 രൂപ വിലമതിക്കും. എടക്കാട് പോലിസ് കേസെടുത്തു. ദീര്‍ഘദൂര ബസില്‍ നാലുകിലോ കഞ്ചാവ് കടത്തുന്നതിനിടെ കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തുമ്പന്റവിടപറമ്പില്‍ വി മജീദി(34)നെ എക്‌സൈസ് സംഘം പിടികൂടി. പുന്നോലില്‍ വാഹന പരിശോധനയ്ക്കിടെ തലശ്ശേരി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ഹരിനന്ദനും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it