ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസ് മൂന്നു യുവാക്കള്‍ക്ക് 18 വര്‍ഷം കഠിന തടവ്

വടകര: കുവൈത്തിലേക്ക് പോകുന്ന യുവാവിന്റെ കൈവശം ലഗേജിനുള്ളിലാക്കി ബ്രൗണ്‍ഷുഗര്‍ കടത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് 18 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂര്‍ കാളികാവ് വഞ്ചിപ്രയില്‍ റാസിഖ്(23), കോതമംഗലം വഞ്ചിപ്രയില്‍ ഷഫീഖ്(18), കോതമംഗലം നെല്ലിവട്ടത്ത് ശിഹാബ്(30) എന്നിവരെയാണ് വടകര എന്‍ഡിപിഎസ് കോടതി ജഡ്ജി സി ബാലന്‍ ശിക്ഷിച്ചത്.
2014 ഏപ്രില്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. കുവൈത്തില്‍ ജോലി ചെയ്യുന്ന നടുവണ്ണൂര്‍ കാവില്‍ വെള്ളിലേരി ജെറീഷിന്റെ കൈവശമാണ് പ്രതികള്‍ 949 ഗ്രാം ബ്രൗണ്‍ ഷുഗര്‍ നല്‍കി കടത്താന്‍ ശ്രമിച്ചത്. 10 ദിവസത്തെ ലീവില്‍ നാട്ടിലെത്തി തിരിച്ചു പോകുന്ന ജെറീഷിന്റെ കൈവശം മൂന്ന് ജീന്‍സ് പാന്റുകള്‍ക്കുള്ളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് നല്‍കുകയായിരുന്നു. ജീന്‍സ് പാന്റുകള്‍ക്കായി കുവൈത്തിലെ എയര്‍പോര്‍ട്ടിന് പുറത്ത് ആളെത്തുമെന്ന് പറഞ്ഞാണ് ജെറീഷിനെ പാഴ്‌സല്‍ ഏല്‍പ്പിച്ചത്.
അതേസമയം ഭാരക്കൂടുതല്‍ കാരണം ജെറീഷ് പാന്റുകള്‍ എടുക്കാതെ വീട്ടില്‍ വച്ചു. കുവൈത്ത് എയര്‍പോര്‍ട്ടില്‍ കാത്തു നിന്ന മയക്കുമരുന്ന് സംഘത്തിലെ കണ്ണി പാന്റ്‌സുകള്‍ കൊണ്ടുവന്നിട്ടില്ലെന്നറിഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. അസ്വാഭാവികത തോന്നിയ ജെറീഷ് വീട്ടില്‍ എടുക്കാതെ പോന്ന പാന്റ്‌സുകള്‍ പരിശോധിക്കാന്‍ സുഹൃത്തുക്കളോട് പറഞ്ഞു. പാന്റ്‌സുകള്‍ പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, പാന്റ്‌സ് തിരികെ തരാമെന്ന് പറഞ്ഞ് റാസിഖിനെ നാട്ടുകാര്‍ വിളിച്ചുവരുത്തി പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് റാസിഖിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഷഫീഖിനെയും ശിഹാബിനെയും കുറിച്ച് വിവരം ലഭിക്കുന്നതും ഇവരെ അറസ്റ്റ് ചെയ്യുന്നതും.
Next Story

RELATED STORIES

Share it