World

ബ്രെക്‌സിറ്റ്: വീണ്ടും ഹിതപരിശോധനാ ആവശ്യവുമായി ലേബര്‍ പാര്‍ട്ടി

ലണ്ടന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരേ നിലപാട് ശക്തമാക്കി ലേബര്‍ പാര്‍ട്ടി. യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോവാനുള്ള തെരേസ മേയുടെ നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെടുകയാണെങ്കില്‍ വീണ്ടും ബ്രെക്‌സിറ്റ് ഹിതപരിശോധന നടത്താന്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടി നീക്കം.
യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് നീക്കവുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയാല്‍ യുകെ തകരുമെന്നു നേരത്തേ ബ്രിട്ടിഷ് കാബിനറ്റ് മന്ത്രിമാരും പ്രധാനമന്ത്രി തെരേസ മേയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡും സ്‌കോട്ട്‌ലന്‍ഡും അടക്കമുള്ള പ്രദേശങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വിട്ടുപോയേക്കാനുള്ള സാധ്യതയാണ് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നത്. സാല്‍സ്ബര്‍ഗ് ഉച്ചകോടിക്കു ശേഷം രൂക്ഷ വിമര്‍ശനമാണ് സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരില്‍ നിന്നടക്കം തെരേസ മേയ് നേരിടുന്നത്.
കടുത്ത ബ്രെക്‌സിറ്റ് നീക്കങ്ങളില്‍ അയവ് വരുത്താനും യൂറോപ്യന്‍ യൂനിയനുമായുള്ള ഉദാരമായ സ്വതന്ത്ര വ്യാപാര കരാറിനു തയ്യാറാവാനുമാണ് പ്രധാനമന്ത്രിക്ക് മന്ത്രിമാരുടെ ഉപദേശം. അതേസമയം, മറുഭാഗത്ത് ബ്രെക്‌സിറ്റ് അനുകൂലികള്‍ ഇയു വിടാനുള്ള നടപടികള്‍ ശക്തമാക്കി മുന്നോട്ടുപോവാന്‍ ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്.യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോവുന്നതുമായി ബന്ധപ്പെട്ട് ഒരിക്കല്‍ കൂടി ജനഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ലിവര്‍പൂളില്‍ പ്രതിഷേധ പ്രകടനം നടന്നു.

Next Story

RELATED STORIES

Share it