ബ്രെക്‌സിറ്റ് ബ്രിട്ടനെ തകര്‍ക്കുമോ?

അഹ്മദ് ശരീഫ് പി

ബ്രെക്‌സിറ്റ് ബ്രിട്ടനിലെ പാവപ്പെട്ടവരുടെ പ്രതികാരമാണ് എന്ന വാദഗതി ഉയര്‍ന്നുവരുമ്പോള്‍, ഈ പ്രതികാരം മറ്റു ലക്ഷക്കണക്കിന് ഗതികിട്ടാതുഴലുന്ന പാവങ്ങളുടെ സ്വപ്‌നങ്ങളെയാണ് തകര്‍ക്കുന്നത് എന്ന വസ്തുത വിസ്മരിക്കപ്പെടുകയാണ്. കുടിയേറ്റ ജനതയ്‌ക്കെതിരായ വംശവിദ്വേഷത്തിന്റെ മറ്റൊരു പുനര്‍ജന്മമായിട്ടാണ് യൂറോപ്യന്‍ യൂനിയനെ മൊഴിചൊല്ലാനുള്ള സായിപ്പന്മാരുടെ ഹിതപരിശോധന പരിഗണിക്കപ്പെടേണ്ടത്.
ബ്രിട്ടന്‍ ഉള്‍പ്പെടുന്ന ശക്തികള്‍ നിര്‍മിച്ച സംഘര്‍ഷഭൂമികളില്‍നിന്നു പലപ്പോഴായി പലായനം ചെയ്യുന്ന, ചെയ്തുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് നിസ്സഹായരായ മനുഷ്യാത്മാക്കള്‍ക്കു നേരെ നേരത്തേയും യൂറോപ്പിനുള്ളില്‍നിന്ന് ക്രൂരമായ സമീപനങ്ങളുണ്ടായിട്ടുണ്ട്. അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടും ഒരുഭാഗത്ത് ചില്ലറ അനുകമ്പ കാണിക്കുമ്പോള്‍ തന്നെ അവരെ ആക്രമിക്കുന്ന സ്ഥിതിവിശേഷവും യൂറോപ്പിലുണ്ട്. ലോകം എത്ര തന്നെ പുരോഗമിച്ചിട്ടും വംശവിദ്വേഷം ആളിക്കത്തുന്ന വലതുപക്ഷ തീവ്രവാദം യൂറോപ്പിനെ വിട്ടുപോയിട്ടില്ല. കുടിയേറ്റക്കാര്‍ കാരണമാണ് തങ്ങള്‍ ഗുണംപിടിക്കാത്തതെന്ന ചിന്ത ഒരുവിഭാഗം തദ്ദേശീയരില്‍ വളര്‍ത്തിയെടുക്കാനുള്ള ഗൂഢശ്രമങ്ങള്‍ എക്കാലത്തും നടന്നുവരുന്നതുമാണ്. ഇന്ത്യയില്‍ ന്യൂനപക്ഷ പ്രീണനം മൂലമാണ് ഭൂരിപക്ഷ വിഭാഗങ്ങളില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുപോലുള്ള ഒരു ഏര്‍പ്പാട് യൂറോപ്പിലും സജീവമാണ്.
കുറച്ചു മുമ്പ് പല വികസിതരാജ്യങ്ങളെയും പിടിച്ചുകുലുക്കിയ സാമ്പത്തികമാന്ദ്യമായിരുന്നു യഥാര്‍ഥ വില്ലന്‍. എന്നാല്‍, ഈ വസ്തുത മൂടിവച്ചുകൊണ്ട് എല്ലാറ്റിനും കുടിയേറ്റക്കാരാണ് കാരണക്കാര്‍ എന്നു വരുത്തിത്തീര്‍ക്കുന്ന വലതുപക്ഷ രാഷ്ട്രീയമാണ് അപകടം വിതച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടാണ് ലണ്ടന്‍കാര്‍ക്ക് ബ്രെക്‌സിറ്റില്‍ താല്‍പര്യമില്ലാത്തത്. എന്നാല്‍, ബ്രിട്ടനിലെ മറ്റു നഗരങ്ങളിലുള്ളവര്‍ ക്വിറ്റ് യൂറോപ്യന്‍ യൂനിയന്‍ അംഗീകരിക്കുകയായിരുന്നു. ഒരുകാലത്ത് ബ്രിട്ടിഷുകാര്‍ ലോകരാജ്യങ്ങളിലേക്കു മുഴുവന്‍ കുടിയേറ്റം നടത്തി കുട്ടിച്ചോറാക്കി സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പണിതു. യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം അമേരിക്കയില്‍ അസഹിഷ്ണുതയുടെ തലതൊട്ടപ്പനായ ഡൊണാള്‍ഡ് ട്രംപിനാണ് ഉപകാരപ്പെടുക എന്ന വാദത്തിന്റെ കഴമ്പ് കിടക്കുന്നതിവിടെയാണ്.
ലോകത്ത് എല്ലാം സുഗമമായി ശരിയാംവണ്ണം നടന്നുകൊണ്ടിരിക്കുന്നു എന്നും യൂറോപ്യരും പാശ്ചാത്യരും അതൊക്കെ കണ്ടറിഞ്ഞ് വേണ്ടതുപോലെ ചെയ്തുകൊള്ളുമെന്നുമുള്ള മൂഢധാരണ വച്ചുപുലര്‍ത്തുന്ന പൗരസ്ത്യരാജ്യക്കാര്‍ക്ക് ഇതില്‍ പാഠമുണ്ട്. ലോകത്ത് ഒരിക്കലും നടക്കുകയില്ലെന്നു നാം വിചാരിക്കുന്ന വലിയ വിപ്ലവങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ് കടന്നുവരുക. ഒരൊറ്റ ഹിതപരിശോധനാഫലം പുറത്തുവന്നപ്പോഴേക്കും ബലൂണ്‍ പോലെ വീര്‍പ്പിച്ചുനിര്‍ത്തിയ സാമ്പത്തിക ദന്തഗോപുരങ്ങള്‍ തകര്‍ന്ന് നിലംപൊത്തുന്നു. ഭരണകൂടങ്ങള്‍ക്കെതിരായ, രാഷ്ട്രീയമേധാവികള്‍ക്കെതിരായ അതിശക്തമായ വികാരമാണ് ഇപ്പോള്‍ പടിഞ്ഞാറ് കൊടുമ്പിരികൊള്ളുന്നത്.
ആഗോളവല്‍ക്കരണത്തിന്റെ മഹാവിപത്താണ് ബ്രിട്ടന്റെ ഈ ഗതിമാറ്റം. ആഗോളവല്‍ക്കരണത്തെ താങ്ങുന്ന മൂന്നാംലോക രാജ്യങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. എന്നാല്‍, ലോകത്തെങ്ങുമുള്ള സാധാരണ മനുഷ്യര്‍ ഓരോ പ്രഭാതത്തിലും ആഗോളവല്‍ക്കരണവും അതിന്റെ വിപത്തുകളും ചിന്തിച്ചു നടക്കാറല്ല പതിവ്. അവര്‍ അന്നന്നത്തെ അപ്പം തിരയുന്ന തിരക്കിലായിരിക്കും.
ശൂന്യതയുടെ സിംഹാസനത്തില്‍ കെട്ടിപ്പൊക്കുന്ന സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സംസ്‌കാരത്തിന്റെ മറവില്‍ പൊട്ടിമുളയ്ക്കുന്ന ഭീമന്മാരും കാളക്കൂറ്റന്മാരും ഇത്തരം തിരിച്ചടികളില്‍ ചത്തുമലയ്ക്കുമെങ്കിലും അപ്പോഴും സാധാരണക്കാരുടെ ജീവിതം തന്നെയാണ് മേല്‍വിലാസമില്ലാതായിത്തീരുക. സമൂഹങ്ങളെ കൂടുതല്‍ തമ്മിലകറ്റുക എന്ന ദുര്യോഗമാണ് രാഷ്ട്രങ്ങളുടെ വന്‍ വീഴ്ചമൂലം സംഭവിക്കാന്‍ പോവുന്നത്.
എന്താണ് യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള ബ്രിട്ടന്റെ യഥാര്‍ഥ ചോദന? പലരെയും കൊള്ളയടിച്ച ബ്രിട്ടന് തങ്ങള്‍ സ്വയം കൊള്ളയടിക്കപ്പെടുന്നതായി തോന്നിത്തുടങ്ങി. വെള്ളക്കാരന്‍ ചൂഷണം ചെയ്യപ്പെടുകയാണത്രെ. എങ്കില്‍ ഇത് ചരിത്രത്തിന്റെ യഥാര്‍ഥ തിരിച്ചടി തന്നെ. നമ്മുടെ മയൂരസിംഹാസനങ്ങളും അമൂല്യ രത്‌നങ്ങളും കുരുമുളകും ഏലവും തേക്കും എന്നുവേണ്ട സകലതും കൊള്ളയടിച്ചു കൊണ്ടുപോയ കൂട്ടര്‍ സ്വന്തം ശവമഞ്ചം പേറി വിലാപയാത്ര നടത്തുകയാണ്. പക്ഷേ, 350 ദശലക്ഷം പൗണ്ടിന്റെ നഷ്ടം വരുത്തിവച്ചുകൊണ്ടുള്ളതാണ് സ്വന്തം പ്രധാനമന്ത്രിയെ ചവിട്ടിയെറിഞ്ഞുകൊണ്ടുള്ള ഗ്രേറ്റ് ബ്രിട്ടന്റെ ഈ പിന്മാറ്റം! സ്വന്തം വാളിന്മേല്‍ തന്നെ വന്നുപതിച്ച ഡേവിഡ് കാമറണ്‍ ഹിതപരിശോധന നടത്തിയത് അബദ്ധമായി എന്നു കരുതുന്നുണ്ടാവണം.
21ാം നൂറ്റാണ്ടില്‍ വംശീയ, വിധ്വംസക വിചാരധാരകള്‍ കുഴിച്ചുമൂടിയെന്ന് അഹങ്കരിക്കുന്ന ആധുനിക മനുഷ്യര്‍ ബ്രിട്ടനില്‍ പ്രത്യക്ഷപ്പെട്ട വംശവെറി കണ്ട് അന്തംവിട്ടിരിക്കുകയാണ്. എന്താണ് ബ്രിട്ടനില്‍ സംഭവിക്കുകയെന്ന ഉല്‍ക്കണ്ഠ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ ബ്രിട്ടന്‍ അതിര്‍ത്തികള്‍ ഉടനെ അടച്ച് സീല്‍ വയ്ക്കുമെന്നും കിംവദന്തികളുണ്ട്. ഇംഗ്ലീഷുകാരന്‍ സ്വയം പാടിപ്പുകഴ്ത്തിയ സഹിഷ്ണുതയുടെ അപ്പോസ്തലവേഷം മുഖംമൂടിസഹിതം അഴിഞ്ഞുവീണിരിക്കുന്നു.
വളരെ മോശമാണ് കാലാവസ്ഥ. ട്രംപ് മുന്നേറുന്നു. ഒബാമ കൊണ്ടുവന്ന, അമേരിക്കയിലെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ അംഗീകരിക്കാനുള്ള ബില്ല് യുഎസ് സെനറ്റ് തള്ളിയ ദിവസം തന്നെ യൂറോപ്യന്‍ യൂനിയന്‍ വിടുക എന്ന വാദം ബ്രിട്ടനില്‍ ജയിച്ചു. സ്‌കോട്ട്‌ലന്‍ഡും അയര്‍ലന്‍ഡും എതിരേ വോട്ട് ചെയ്തത് അവര്‍ക്കു സ്വതന്ത്രരാജ്യം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായിട്ടാണ്. 27 രാജ്യങ്ങള്‍ അംഗങ്ങളായുള്ള യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോവുകയാണെങ്കില്‍ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ അന്ത്യശാസന നല്‍കിയിരിക്കുന്നുവെങ്കിലും ബ്രിട്ടനില്‍ ജനങ്ങള്‍ പലതട്ടുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. 1.74 കോടി ജനങ്ങളാണ് യൂനിയന്‍ വിടാന്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ ഹിതപരിശോധന പുനപ്പരിശോധിക്കാനുള്ള ആവശ്യക്കാര്‍ 40 ലക്ഷം കവിഞ്ഞുവെന്നാണ് റിപോര്‍ട്ട്. യൂനിയന്‍ വിടാനുള്ള തീരുമാനം നിയമമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കോട്ട്‌ലന്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു. അതായത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുകയാണെങ്കില്‍ സ്‌കോട്ട്‌ലന്‍ഡ് സ്വതന്ത്ര രാജ്യമായി യൂറോപ്യന്‍ യൂനിയനില്‍ തുടരും. 62 ശതമാനം സ്‌കോട്ട്‌ലന്‍ഡുകാരും യൂനിയന്‍ വിടുന്നതിനെതിരായിട്ടാണ് വോട്ട് ചെയ്തത്.
യൂനിയന്‍ വിടാതിരിക്കാനുള്ള കാംപയിന്‍ പരാജയം ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിക്കും വന്‍ തിരിച്ചടിയായി. തങ്ങളുടെ വാദം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കനത്ത പരാജയം ലേബര്‍ പാര്‍ട്ടിക്കുണ്ടായി എന്നാണ് വിലയിരുത്തല്‍. ലേബര്‍ പാര്‍ട്ടി വൈകാതെ പിളരും എന്ന് പ്രവചിക്കുന്നവരുമുണ്ട്.
നിശ്ശബ്ദമോ ശബ്ദായമാനമോ രക്തരൂഷിതമോ രക്തരഹിതമോ ഏതുതരം വിപ്ലവമാണ് ബ്രിട്ടനില്‍ നടക്കാന്‍ പോവുന്നെതന്ന് ജനം സംശയിച്ച് മൂക്കത്ത് വിരല്‍വച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പരിണാമം എന്തായിരിക്കുമെന്ന ഉദ്വേഗത്തിലാണ് ലോകമിന്ന്. മാറിക്കൊണ്ടിരിക്കുന്ന വിനിമയനിരക്കുകള്‍, ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഓഹരിവിലകള്‍ എല്ലാം എവിടെച്ചെന്ന് അവസാനിക്കുമെന്ന കാത്തിരിപ്പിലാണ് ലോകജനത.
Next Story

RELATED STORIES

Share it