Flash News

ബ്രെക്‌സിറ്റ് ഹിതപരിശോധന ആരംഭിച്ചു

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നില്‍ക്കണമോ എന്നു തീരുമാനിക്കുന്നതിനുള്ള (ബ്രെക്‌സിറ്റ്) ഹിതപരിശോധന ബ്രിട്ടനില്‍ ആരംഭിച്ചു. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ ഇയു വിടുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നത്.
ഹിതപരിശോധനയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന സംവാദത്തില്‍ കുടിയേറ്റമടക്കമുള്ള വിഷയങ്ങളില്‍ ബ്രെക്‌സിറ്റ് അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ ശക്തമായ വാഗ്വാദം നടന്നിരുന്നു. ലണ്ടന്‍ മുന്‍ മേയറും ബ്രെക്‌സിറ്റിനെ ശക്തമായി അനുകൂലിക്കുന്ന നേതാക്കളിലൊരാളുമായ ബോറിസ് ജോണ്‍സണുള്‍പ്പെടെയുള്ളവര്‍ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുമായാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ബോറിസ് അടക്കമുള്ളവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുടിയേറ്റ വിരുദ്ധ ഭീതി പടര്‍ത്തുകയാണെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രതികരിച്ചു.
ഇയുവില്‍ നിന്ന് പുറത്തുകടക്കാന്‍ തീരുമാനിച്ചാല്‍ ബ്രിട്ടന് ഇന്നു സ്വാതന്ത്ര്യദിനമായിരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന സംവാദത്തിനിടെ യൂനിയനില്‍ തുടരണമെന്നും പുറത്തുപോവണമെന്നും ആവശ്യപ്പെട്ട് ജനം ഇരു വിഭാഗങ്ങളായിപ്പിരിഞ്ഞ് പ്രകടനം നടത്തി. ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ പോവുന്നത് സ്വയം നശീകരണ നടപടിയിലേക്കാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 46 ലക്ഷത്തോളം വോട്ടര്‍മാര്‍ക്കാണ് ഹിതപരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയുക.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണം, വിട്ടുപോവണം എന്നിവയില്‍ ഒരഭിപ്രായത്തെ വോട്ടര്‍മാര്‍ക്കു പിന്തുണയ്ക്കാം. ഇയുവുമായുള്ള 40 വര്‍ഷത്തെ ബന്ധത്തിനിടെ ബ്രിട്ടനില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ഹിതപരിശോധന നടക്കുന്നത്. ഹിതപരിശോധന അടുത്തെത്തിയതോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന അഭിപ്രായത്തിനു മുന്‍കൈ ലഭിക്കുന്നതായാണ് റിപോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെതിരേ സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നല്‍കിയിരുന്നു.
രാജ്യം സാമ്പത്തിക പ്രതിസന്ധി വിലകൊടുത്തു വാങ്ങുന്നതിനു സമമാണ് യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള നീക്കമെന്നാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. ഒപ്പം ബ്രെക്‌സിറ്റ് അനുകൂലികളുടെ കുടിയേറ്റ വിരുദ്ധ നിലപാടുകളും ചര്‍ച്ചയാവുന്നു.
Next Story

RELATED STORIES

Share it