Editorial

ബ്രെക്‌സിറ്റ് ഒരു വലതുപക്ഷ മുന്നേറ്റം

ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ആണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടുപോവുന്ന കാര്യത്തെക്കുറിച്ച് ഒരു ഹിതപരിശോധനയാവാം എന്നു പ്രഖ്യാപിച്ചത്. സ്വന്തം പാര്‍ട്ടിയിലെ എതിരാളികളെയും വിമര്‍ശകരെയും ഒതുക്കാനുള്ള എളുപ്പവഴി എന്ന നിലയിലാണ് കാമറണ്‍ ഹിതപരിശോധനയുമായി ഇറങ്ങിയത്. ഇപ്പോള്‍ കാമറണിന്റെ സ്വന്തം പണിപോലും തെറിപ്പിച്ചുകഴിഞ്ഞു ഹിതപരിശോധനയുടെ ഫലം.
43 വര്‍ഷം മുമ്പ് എഡ്വാര്‍ഡ് ഹീത്തിന്റെ നേതൃത്വത്തിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായി ചേര്‍ന്നത്. അന്ന് അതിന്റെ പേര് യൂറോപ്യന്‍ കോമണ്‍ മാര്‍ക്കറ്റ് എന്നായിരുന്നു. വാണിജ്യ-വ്യാപാര രംഗത്ത് ഒരൊറ്റ യൂറോപ്യന്‍ വിപണി എന്ന ആശയമാണ് അതു മുമ്പോട്ടുവച്ചത്. തുറന്ന വിപണിയും സ്വതന്ത്ര വ്യാപാരവും യൂറോപ്പില്‍ വലിയ നേട്ടങ്ങള്‍ കൊണ്ടുവന്നു. അതോടെ രാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തികള്‍ ഒഴിവാക്കി യാത്രയും തൊഴിലും മറ്റു ബന്ധങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങി. അത് പ്രായോഗികമായതോടെ ഇയു രാജ്യങ്ങള്‍ക്കിടയില്‍ യാത്രയും തൊഴിലെടുക്കാനുള്ള സൗകര്യവും ലഭ്യമായി. തുടര്‍ന്നാണ് ഒരേ വിപണിയും ഒരേ നാണയവും എന്ന പുതിയ ഘട്ടത്തിലേക്ക് യൂറോപ്യന്‍ യൂനിയന്‍ പ്രവേശിച്ചത്. അതിന്റെ ഫലമായാണ് യൂറോ എന്ന പുതിയ നാണയം ലോകരംഗത്ത് അവതരിച്ചത്.
തുറന്ന വിപണിയും മതിലുകളില്ലാത്ത ലോകവും പൊതുവില്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും ശക്തിപ്പെടുത്തുന്ന ഘടകങ്ങളായിരുന്നു. പക്ഷേ, അതിന്റെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും തുല്യമായല്ല ലഭിച്ചത്. സാമ്പത്തികമായി ഉയര്‍ന്ന വിഭാഗങ്ങള്‍ അതിന്റെ നേട്ടം തട്ടിയെടുത്തു. ലണ്ടന്‍ പോലുള്ള നഗരങ്ങള്‍ വമ്പിച്ച വളര്‍ച്ചയും സമ്പത്തും കരഗതമാക്കിയപ്പോള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ അത് ഒരു പരിധിവരെ മുരടിപ്പിച്ചു. വാതിലുകള്‍ തുറന്നിടുമ്പോള്‍ അഗതികളും അഭയാന്വേഷികളും അകത്തു കയറിവരും എന്ന ഭീതി ബ്രിട്ടിഷ് ജനതയെ മഥിച്ചു. അങ്ങനെയാണ് പൊതുവില്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് സ്വീകരിച്ച ബ്രിട്ടിഷ് ജനതയ്ക്കിടയില്‍പ്പോലും വലതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വേരുറപ്പിച്ചത്. അയല്‍ക്കാരെക്കുറിച്ചുള്ള ഭീതി പടര്‍ത്തിയും ബ്രിട്ടന്‍ വിദേശികളുടെ കൈയിലെ കളിപ്പാവയാവുകയാണ് എന്ന വ്യാജപ്രചാരണം നടത്തിയുമാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. അത്തരത്തിലുള്ള പ്രചാരവേലയ്ക്കു ജനങ്ങള്‍ ഇരയായതിന്റെ ദുരന്തഫലമാണ് നാലരപ്പതിറ്റാണ്ടിന്റെ ബന്ധങ്ങള്‍ അറുത്തുമുറിച്ച് സ്വയം ഒറ്റപ്പെടാന്‍ ബ്രിട്ടന്‍ എടുത്ത തീരുമാനം.
പക്ഷേ, അത് ഇവിടെ അവസാനിക്കുന്നില്ല. സ്‌കോട്ട്‌ലന്‍ഡും ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂനിയന്റെ ഭാഗമായി നില്‍ക്കണമെന്ന് ആഗ്രഹിച്ചവരാണ്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരേ നേരത്തേ തന്നെ അവര്‍ക്കു പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം വിട്ടുപോവാനുള്ള ഹിതപരിശോധന സ്‌കോട്ട്‌ലന്‍ഡില്‍ നടന്നപ്പോള്‍ ചുരുങ്ങിയ വോട്ടിനാണ് പരാജയപ്പെട്ടത്. യൂറോപ്യന്‍ യൂനിയന്റെ മാത്രമല്ല, യുനൈറ്റഡ് കിങ്ഡം എന്ന ഗ്രേറ്റ് ബ്രിട്ടന്റെ അന്ത്യംകൂടിയാണ് ബ്രെക്‌സിറ്റ് കുറിക്കുന്നത്.
Next Story

RELATED STORIES

Share it