World

ബ്രെക്‌സിറ്റ് അനുകൂലികള്‍ക്കുവേണ്ടി കാംബ്രിജ് അനലറ്റിക്ക പ്രവര്‍ത്തിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ ബ്രെക്‌സിറ്റ് അനുകൂലികള്‍ക്കുവേണ്ടിയും കാംബ്രിജ് അനലറ്റിക്കയുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നതായി സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കുമുമ്പായി കാംബ്രിജ് അനലറ്റിക്ക മാനേജ്‌മെന്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയതായി സ്ഥാപനത്തിലെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടറായിരുന്ന ബ്രിട്ടാനി കൈസര്‍ അറിയിച്ചു.
2014 മുതല്‍ ഈ വര്‍ഷത്തിന്റെ തുടക്കം വരെ കാംബ്രിജ് അനലറ്റിക്ക ജീവനക്കാരനായിരുന്നു ബ്രിട്ടാനി കൈസര്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോവണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കായി ജനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു വിശകലനം ചെയ്യുന്നതിനുള്ള ചുമതലയായിരുന്നു കാംബ്രിജ് അനലറ്റിക്കയ്ക്ക്. എന്നാല്‍, ബ്രെക്‌സിറ്റ് അനുകൂലികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യം പൊതുജനങ്ങളില്‍ നിന്നു സ്ഥാപനം മറച്ചുവയ്ക്കുകയും നിഷേധിക്കുകയും ചെയ്തതായും ദ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ബ്രിട്ടാനി കൈസര്‍ വ്യക്തമാക്കി. 2016ല്‍ ബ്രെക്‌സിറ്റ് അനുകൂല പ്രചാരണം നടത്തിയെന്ന കാര്യം സംബന്ധിച്ചു ചോദ്യങ്ങളുയര്‍ന്നാല്‍ അത് നിഷേധിക്കണമെന്ന് അന്ന് പബ്ലിക് റിലേഷന്‍സ് വിഭാഗം കൈകാര്യം ചെയ്തിരുന്ന തന്നെ കമ്പനി അധികൃതര്‍ നിര്‍ദേശിച്ചിരുതായും അവര്‍ അറിയിച്ചു.
2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ഡോണള്‍ഡ് ട്രംപിനു വേണ്ടി പ്രവര്‍ത്തിച്ച ലണ്ടന്‍ ആസ്ഥാനമായ രാഷ്ട്രീയവിവര വിശകലന സ്ഥാപനമായ കാംബ്രിജ് അനലറ്റിക്കയെ ഫേസ്ബുക്ക് പുറത്താക്കിയിരുന്നു. സ്വകാര്യതാനിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സ്ഥാപനം ചോര്‍ത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
Next Story

RELATED STORIES

Share it