ബ്രൂവറികളും ഡിസ്റ്റിലറിയും: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തയ്യാറാവണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും നല്‍കിയ മറുപടി തൃപ്തികരമല്ല.
അഴിമതി തങ്ങളുടെ ശൈലിയല്ലെന്നു പറയുന്ന മുഖ്യമന്ത്രി അഴിമതി നടക്കാതിരിക്കാന്‍ സുതാര്യത ഉറപ്പുവരുത്തേണ്ടിയിരുന്നു. എന്നാല്‍, ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ സുതാര്യതയുണ്ടായിരുന്നില്ല. സംസ്ഥാനത്തിന് ആവശ്യമായ കൂടുതല്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം ഉല്‍പ്പാദിപ്പിക്കുന്നതിനും സര്‍ക്കാരിന് നികുതിയിനത്തില്‍ അധിക വരുമാനം ലക്ഷ്യമിട്ടും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിക്കുന്നതെന്നാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നത്.
എന്നാല്‍, ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിനായി മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ വ്യക്തമാക്കി. 1996ല്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. അപേക്ഷകളുടെ എണ്ണം കൂടിയത് മൂലം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനായി വിനോദ് റോയിയുടെ നേതൃത്വത്തില്‍ സെക്രട്ടറിതല കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയാണ് 1999 സപ്തംബര്‍ 29ന് ഇനി പുതിയ ഡിസ്റ്റിലറികള്‍ വേണ്ടെന്ന ഉത്തരവിറക്കിയതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
മഹാപ്രളയത്തില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഏതു സാഹചര്യത്തിലും ഡാമുകളില്‍ മഴവെള്ളം സംഭരിക്കാനുള്ള ശേഷി നിലനിര്‍ത്തുന്ന രീതിയില്‍ വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനം ഉണ്ടാവണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it