malappuram local

ബ്രീട്ടിഷ് നിര്‍മിത കുതിരലായം പൊളിച്ച സംഭവം: മുഖ്യമന്ത്രി ഇടപ്പെട്ടുഅന്വേഷണത്തിന് ഉത്തരവ്

തിരൂരങ്ങാടി: താലൂക്ക് ആശുപത്രി വളപ്പില്‍ സ്ഥിതി ചെയ്തിരുന്ന ബ്രീട്ടിഷ് നിര്‍മിത കുതിരലായം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. വിഷയം അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കും മലപ്പുറം ജില്ലാ കലക്ടര്‍ക്കുമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ പൈതൃക സംരക്ഷണ സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണു മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരുകാലഘട്ടത്തിന്റെ ചരിത്രവും സംസ്‌കാരവും അതിലുപരി സ്വതന്ത്ര സമരത്തിന്റെ വീറുറ്റ സ്മരണകളുറങ്ങുന്ന ബ്രിട്ടീഷ് നിര്‍മിതികള്‍ തിരൂരങ്ങാടിയില്‍ അനവധിയാണ്.
അവയില്‍പ്പെട്ട ഒന്നായിരുന്നു തിരൂരങ്ങാടി താലൂക്ക് ആശുപത്രി വളപ്പിലുണ്ടായിരുന്ന ബ്രീട്ടിഷ് കുതിരലായം. നൂറ്റാണ്ടിലതികം പഴക്കമുള്ള ഈ സ്മാരകമാണ് കഴിഞ്ഞ മെയ് 29ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രി അധികൃതര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് തകര്‍ത്തത്. ബ്രീട്ടിഷ് ആധിപത്യം കൊടികുത്തി വാണിരുന്ന കാലം മുതല്‍ ബ്രട്ടീഷ് പട്ടാള മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന കുതിരകളെ കെട്ടിയിരുന്നത് ആശുപത്രി വളപ്പിലെ ഈ കുതിരലായത്തിലായിരുന്നു. ആശുപത്രിക്ക് പാര്‍ക്കിങ് ഒരുക്കുന്നതിന്റെ ഭാഗമായാണ് കുതിരലായം അധികൃതര്‍ പൊളിച്ച് നീക്കിയത്.
1906ല്‍ വെയില്‍സ് രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന ഹജൂര്‍ കച്ചേരി കെട്ടിടത്തിനൊപ്പമാണ് ഈ കുതിരാലയം നിര്‍മിക്കപ്പെട്ടതെന്നാണു കരുതുന്നത്. ഏകദേശം 112 വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലും മണ്ണും ചെറിയ തോതില്‍ സിമന്റും മരങ്ങളും ഉപയോഗിച്ച് നിര്‍മിച്ച കുതിരാലയമാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് അധികൃതര്‍ ഇടിച്ച് നിരത്തിയത്. 20 മീറ്ററോളം നീളത്തില്‍ നാലു മീറ്റര്‍ വീതിയിലുണ്ടായിരുന്ന കെട്ടിടം തേച്ച് മിനുക്കിയ തൊഴുത്ത് രൂപത്തിലായിരുന്നു നിര്‍മിച്ചിരുന്നത്.
കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും കുതിരകളെ കെട്ടാനായി പ്രത്യേകം മരത്തടികള്‍ കൊണ്ട് തയ്യാറാക്കിയ ആലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. ഭാവി തലമുറയ്ക്ക് കാണാനും പഠിക്കാനും കാത്ത് സൂക്ഷിക്കേണ്ട ഇവയാണ് ചരിത്ര ബോധമില്ലാതെ ആശുപത്രി  അധികൃതര്‍ പൊളിച്ച് കളഞ്ഞത്. പൊളിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രി സുപ്രണ്ട് ഡോ. ഷാജഹാന് കുതിരലായത്തിന്റെ ചരിത്ര പ്രധാന്യം ധരിപ്പിക്കുകയും പൊളിക്കില്ലെന്ന് ഉറപ്പ് നല്‍കിയതുമായിരുന്നുവെന്ന് ജില്ലാ പൈതൃക സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.
അത് കൊണ്ട് തന്നെ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പുരാവസ്തുവകുപ്പ്, മുഖ്യമന്ത്രി, ഡിജിപി, ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് സംഘടന പരാതി നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. അതേസമയം  താലൂക്ക് ആശുപത്രി അധികൃതര്‍ തകര്‍ത്ത ബ്രിട്ടീഷ് കുതിരലായത്തിന്റെ ആലകള്‍ സംരക്ഷിക്കാന്‍ നടപടിയായില്ല. ഇതിനെ തുടര്‍ന്ന് കുതിരകളെ കെട്ടാനായി മരത്തടികള്‍ ഉപയോഗിച്ച് നിര്‍മിച്ച് ആലകള്‍ മഴ നനഞ്ഞ് നശിക്കുകയാണ്.
Next Story

RELATED STORIES

Share it