ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകയുടെ മരണം; അന്വേഷണം സിബിഐക്ക്

ന്യൂഡല്‍ഹി: ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തക ഡെന്‍സി കരോള്‍ സ്വീനിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു. കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കുമെന്ന് സിബിഐ വക്താവ് ആര്‍ കെ ഗൗര്‍ അറിയിച്ചു.

അഞ്ചുവര്‍ഷം മുമ്പ് ഗോവയിലെ ക്ലബ്ബില്‍ ടോയ്‌ലറ്റിനു സമീപം വീണുകിടക്കുന്ന നിലയില്‍ കാണപ്പെട്ട ഡെന്‍സി കരോളിനെ ഉടനെ സെന്റ് ആന്റണി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നു ചികില്‍സയ്ക്കിടെ 2010 ഏപ്രില്‍ 16നാണ് ഇവര്‍ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടെന്നും തലച്ചോറിലും ശ്വാസകോശത്തിലും വെള്ളം കയറിയിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ അമിത ലഹരി ഉപയോഗമാണു മരണകാരണമെന്ന നിലപാടു സ്വീകരിച്ചിരുന്ന പോലിസ്, ഡെന്‍സി കരോളിന്റെ സഹോദരിയുടെയും ബ്രിട്ടന്റെയും കനത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡെന്‍സിയുടെ മൃതശരീരം ബ്രിട്ടനില്‍ എത്തിച്ച് വീണ്ടും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നെങ്കിലും മദ്യത്തിന്റെയോ ലഹരിയുടെയോ സാന്നിധ്യമൊന്നും കണ്ടെത്താനായില്ലെന്നു സഹോദരി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരി പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it