Gulf

ബ്രിട്ടീഷ് ഗായികയും ഖത്തര്‍ ഉടമസ്ഥതയിലുള്ള ക്ലബ്ബും തമ്മില്‍ ജഴ്‌സിയെച്ചൊല്ലി തര്‍ക്കം

ദോഹ: ഖത്തര്‍ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബ് പാരിസ് സെന്റ് ജര്‍മയ്ന്‍(പിഎസ്ജി) ബ്രിട്ടീഷ് റാപ് ഗായിക എംഐഎയോട് തന്റെ പുതിയ മ്യൂസിക് വീഡിയോ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ബോര്‍ഡേഴ്‌സ് എന്ന പുതിയ പാട്ടില്‍ പിഎസ്ജിയുടെ ജഴ്‌സി പ്രതിഛായയെ ബാധിക്കുന്ന രീതിയില്‍ വികലമായി ഉപയോഗിച്ചു എന്നാണ് പരാതി. നവംബര്‍ അവസാനം യുട്യൂബില്‍ ഇട്ട വീഡിയോ ഇതിനകം 10 ലക്ഷത്തിലേറെ പേര്‍ കണ്ടിട്ടുണ്ട്. സിറിയന്‍ അഭയാര്‍ഥി പ്രശ്‌നത്തോടുള്ള പ്രതികരണമെന്ന നിലയിലുള്ളതാണ് വീഡിയോ.
വീഡിയോയില്‍ എംഐഎ പിഎസ്ജി ജഴ്‌സിയണിഞ്ഞ ഏതാനും സെക്കന്റ് രംഗമാണുള്ളത്. ജഴ്‌സിയില്‍ ടീമിന്റെ മെയിന്‍ സ്‌പോണ്‍സറായ ഫ്‌ളൈ എമിറേറ്റ്‌സ് എന്നത് മാറ്റി ഫ്‌ളൈ പൈറേറ്റ്‌സ് എന്നാക്കിയിട്ടുണ്ട്. മറ്റൊരു സ്‌പോണ്‍സറായ ഖത്തര്‍ നാഷനല്‍ ബാങ്കിന്റെ ലോഗോയും ടീഷര്‍ട്ടിലുണ്ട്. ദോഹ വഴി യാത്ര ചെയ്യുമ്പോള്‍ വാങ്ങിയ ജഴ്‌സിയില്‍ പൈറേറ്റ്‌സ്(കടല്‍ക്കൊള്ളക്കാര്‍) എന്ന് മാറ്റിയതാണെന്ന് എംഐഎ ഇന്‍സറ്റഗ്രാമില്‍ കുറിച്ചു. ഖത്തര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് പിഎസ്ജി. ഫ്രഞ്ച് സിവില്‍ കോഡ് ലംഘിക്കുന്നതാണ് ഗായികയുടെ നടപടിയെന്നും വീഡിയോ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പിഎസ്ജി ഡപ്യൂട്ടി സിഇഒ ജീന്‍ ക്ലോഡ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അഭയാര്‍ഥികളെ കൈകാര്യം ചെയ്ത രീതിയിയെ അപലപിക്കുന്ന വീഡിയോയില്‍ തങ്ങളുടെ ബ്രാന്‍ഡ് ഉപയോഗിച്ചത് ക്ലബ്ബിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, കുടിയേറ്റക്കാരും അഭയാര്‍ഥികളും സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ അണിയുന്നത് സാധാരണമാണെന്ന് എംഐഎ പ്രതികരിച്ചു. ജഴ്‌സി ഖത്തറിനെയോ യുഎഇയെയോ അപമാനിക്കാന്‍ ഉപയോഗിച്ചിട്ടില്ല. നമ്മളൊന്നും ചെയ്തില്ലെങ്കില്‍ കൂടുതല്‍ പേര്‍ കടലില്‍ മരിക്കുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇങ്ങനെയൊരു വീഡിയോ ഇറക്കിയതെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it