ബ്രിട്ടനില്‍ പ്രതിപക്ഷ അംഗത്തെ പുറത്താക്കി

ലണ്ടന്‍: ബ്രിട്ടനില്‍ ഷാഡോ കാബിനറ്റ് അംഗത്തെ പ്രതിപക്ഷ നേതാവ് പുറത്താക്കി. ഷാഡോ വിദേശകാര്യ സെക്രട്ടറിയുടെ ചുമതലയുള്ള ഹിലരി ബെന്നിനെയാണ് പ്രതിപക്ഷനേതാവ് ജെറമി കോബിന്‍ പുറത്താക്കിയത്. ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള ഷാഡോ കാബിനറ്റ് അംഗങ്ങളെക്കൊണ്ട് രാജിവയ്പ്പിക്കാനുള്ള ശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് പുറത്താക്കലെന്ന് കോബിയന്‍ വ്യക്തമാക്കിയതായി ബിബിസി റിപോര്‍ട്ട് ചെയ്തു. ബെന്‍ തനിക്കെതിരേ അട്ടിമറി നീക്കം നടത്തുന്നതായും കോബിന്‍ അഭിപ്രായപ്പെട്ടു.

കോബിനെതിരേ രണ്ടു പ്രതിപക്ഷാംഗങ്ങള്‍ ശനിയാഴ്ച അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ബ്രെക്‌സിറ്റില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന തീരുമാനത്തെ പിന്തുണച്ചുള്ള പ്രചാരണങ്ങള്‍ക്ക് കോബിന്‍ നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ വോട്ടര്‍മാരില്‍ വലിയ വിഭാഗം യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇത് കോബിന്റെ പരാജയമായി കാണണമെന്നായിരുന്നു ബെന്‍ അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചത്. ഷാഡോ കാബിനറ്റ് ആരോഗ്യ സെക്രട്ടറി ഹെയ്ഡി അലക്‌സാണ്ടര്‍ കോബിനോടുള്ള പ്രതിഷേധ സൂചകമായി കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. കൂടുതല്‍ അംഗങ്ങള്‍ ഷാഡോ ക്യാബിനറ്റില്‍ നിന്നു രാജിക്കൊരുങ്ങുന്നതായാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
Next Story

RELATED STORIES

Share it