Flash News

ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഇന്ത്യന്‍ തിളക്കം



ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ക്കു തുടക്കമിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ബ്രിട്ടനില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപോര്‍ട്ട്. സണ്‍ഡേ ടൈംസ് പുറത്തുവിട്ട പട്ടികപ്രകാരം ധനാഢ്യരുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനവുണ്ട്. 134 പേരുടെ പട്ടികയാണ് ടൈംസ് പുറത്തുവിട്ടത്. ഏകദേശം 65,800 കോടി യൂറോ വരും ഇവരുടെ ആസ്തി. ഇതില്‍ 14 പേര്‍ പുതുതായി ഉയര്‍ന്നുവന്നവരാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിരവധി ഇന്ത്യക്കാരും ഈ പട്ടികയില്‍ മുന്‍നിരയില്‍ ഇടംപിടിച്ചു. ഹിന്ദുജ ഗ്രൂപ്പ് ഉടമകളും സഹോദരങ്ങളുമായ ശ്രീ ഹിന്ദുജ, ഗോപി ഹിന്ദുജ എന്നിവര്‍ പട്ടികയില്‍ ഒന്നാമതെത്തിയപ്പോള്‍ നാലാമതെത്തിയത് ലക്ഷ്മി മിത്തലാണ്. ആരോഗ്യ സുരക്ഷ, എണ്ണ- വാതക മേഖലകളില്‍ യഥാക്രമം 16.2, 3.2 ശതകോടി ഡോളറാണ് ഹിന്ദുജ സഹോദരന്‍മാരുടെ നിക്ഷേപം. ഓയില്‍, ഗ്യാസ്, ഓട്ടോമോട്ടീവ്, ഐടി, എനര്‍ജി, മീഡിയ, ബാങ്കിങ്, പ്രോപ്പര്‍ട്ടി, ഹെല്‍ത്ത് കെയര്‍, തുടങ്ങിയ വിവിധ മേഖലകളിലാണ് ഹിന്ദുജയുടെ നിക്ഷേപം വ്യാപിച്ചുകിടക്കുന്നത്. അടുത്തിടെ അവര്‍ ലണ്ടനിലെ ഓള്‍ഡ് വാര്‍ ഓഫിസ് മന്ദിരം ഫൈവ്സ്റ്റാര്‍ ലക്ഷ്വറി അപാര്‍ട്ട്‌മെന്റ്‌സാക്കി മാറ്റിയിരുന്നു. ചുരുങ്ങിയത് 110 ദശലക്ഷം പൗണ്ടെങ്കിലും ആസ്തിയുള്ളവര്‍ക്കു മാത്രമാണു ധനാഢ്യരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.യൂറോപ്യന്‍ യൂനിയന്‍ ഹിതപരിശോധനയെ സംബന്ധിച്ച് രാജ്യത്ത് പലരും ആശങ്ക പ്രകടിപ്പിക്കുമ്പോഴും കോടീശ്വരന്‍മാര്‍ ശാന്തരായിരുന്നെന്നാണ് റിപോര്‍ട്ട് തയ്യാറാക്കിയ റോബര്‍ട്ട് വാട്‌സിന്റെ പ്രതികരണം. സമ്പന്നരെ അതിസമ്പന്നരാക്കാന്‍ ഒാഹരിവിപണി വലിയ പങ്കുവഹിച്ചു.
Next Story

RELATED STORIES

Share it