ബ്രഹ്‌മോസ് രഹസ്യങ്ങള്‍ ചോര്‍ത്തി: ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബ്രഹ്‌മോസ് മിസൈലിന്റെ സാങ്കേതികവിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്ത ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഡിആര്‍ഡിഒയുടെ മഹാരാഷ്ട്ര നാഗ്പൂര്‍ യൂനിറ്റിലെ നിശാന്ത് അഗര്‍വാളിനെയാണ് സൈനിക രഹസ്യാന്വേഷണ വിഭാഗവും ഉത്തര്‍പ്രദേശ് പോലിസും സംയുക്തമായി അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരേ ഔദ്യോഗിക വിവരസംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഡിആര്‍ഡിഒയിലെ മികച്ച യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം നിശാന്ത് നേടിയിരുന്നു. നിശാന്തിനെ ഞായറാഴ്ച മുതല്‍ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഭീകരതാ വിരുദ്ധ സേനയും (എടിഎസ്) നിരീക്ഷിച്ചുവരുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിആര്‍ഡിഒയുടെയും റഷ്യയുടെ എന്‍പിഒഎമ്മിന്റെയും സംയുക്ത സംരംഭമായ ബ്രഹ്‌മോസ് ലോകത്തെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലാണ്.
സുപ്രധാനരേഖകള്‍ നിശാന്തില്‍ നിന്നു കണ്ടെടുത്തതായും ഡിആര്‍ഡിഒയിലെ മറ്റാര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും പോലിസ് പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു പുറമെ അമേരിക്കന്‍ ചാരസംഘടനയ്ക്കും നിശാന്ത് രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയതായും റിപോര്‍ട്ടുണ്ട്. നിശാന്തിന്റെ അറസ്റ്റിനു പിന്നാലെ പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള കാണ്‍പൂരിലെ ഡിഎംഎസ്ആര്‍ഡിഇയിലെ രണ്ടു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു.
യുദ്ധസാമഗ്രികള്‍, യുദ്ധവാഹനങ്ങള്‍, നാവിക സംവിധാനങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലാണ് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിആര്‍ഡിഒ പ്രവര്‍ത്തിക്കുന്നത്.



Next Story

RELATED STORIES

Share it