ernakulam local

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് അനുവദിച്ച 30 ലക്ഷം രൂപ പത്ത് ലക്ഷമായി കുറച്ചു



കൊച്ചി:  ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ 30ലക്ഷം രൂപ ചെലവഴിച്ച് പുതിയ ടോയ്‌ലറ്റ് നിര്‍മിക്കാനുള്ള തീരുമാനം 10ലക്ഷമായി കുറച്ചു. പ്രതിപക്ഷ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ കുറവ് വരുത്തിയത്. 2017-18 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ചെലവഴിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതി രൂപരേഖയിലാണ് 30ലക്ഷം മുടക്കിയുള്ള ടോയ്‌ലറ്റ് നിര്‍മാണം ഉള്‍പ്പെടുത്തിയിരുന്നത്. കോടികള്‍ ചെലവഴിച്ച് പുതിയ മാലിന്യ പ്ലാന്റ് വരാനിരിക്കെ ഇത്രയും മുതല്‍ മുടക്കി ടോയ്‌ലെറ്റ് നിര്‍മിക്കേണ്ടതില്ല എന്ന ആവശ്യം അംഗീകരിച്ചാണ് തീരുമാനം.ഒരുപാട് ആളുകള്‍ പ്ലാന്റ് കാണാനെത്തുമെന്നും അവര്‍ക്കായും തൊഴിലാളികള്‍ക്കായും വേറെ വേറെ ടോയ്‌ലറ്റുകള്‍ നിര്‍മിക്കാനാണെന്ന സ്ഥിരം സമിതി അധ്യക്ഷയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫണ്ട് 10ലക്ഷമായി വെട്ടികുറച്ചത്. കൊച്ചി നഗരസഭ പദ്ധതി രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. 2017-18 വാര്‍ഷിക പദ്ധതികളുടെ ശനിയാഴ്ച നടന്ന അവതരണത്തിലുള്ള ചര്‍ച്ചയിലാണ് ആക്ഷേപം ഉയര്‍ന്നത്. രൂപരേഖ കൗണ്‍സിലില്‍ ചര്‍ച്ചചെയ്യാനെത്തിയപ്പോഴാണ് വികസന രേഖ കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്തത്. വികസന സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള രേഖ വികസന സെമിനാറില്‍ ചര്‍ച്ചചെയ്തതിന് ശേഷം മാത്രമാണ് രൂപരേഖ തയ്യാറാക്കുന്നത്. എന്നാല്‍ ഇവിടെ അതുണ്ടായില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സ്ഥിരം സമിതി അവതരിപ്പിച്ച രൂപരേഖ വെറും വരവ്  ചെലവ് കണക്കുകള്‍ മാത്രമാണെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാ ര്‍ട്ടി നേതാവ് വി പി ചന്ദ്രന്‍ പറഞ്ഞു. കൃഷിക്ക് നീക്കിവെച്ചിരിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കണമെന്ന ആവശ്യവും കൗണ്‍സിലില്‍ ഉയര്‍ന്നു.  തരിശായ പാടങ്ങള്‍ കൃഷിയോഗ്യമാക്കണമെന്നും നഗരത്തില്‍ വിതരണം ചെയ്യുന്ന ഗ്രോബാഗുകളുടെയും മല്‍സ്യകൂടുകളുടെയും വിതരണം ചെയ്യുന്ന ആടുകളുടെയും എണ്ണം വര്‍ധിപ്പിക്കണമെന്നും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗ ണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it