Flash News

ബ്രണ്ണന്‍ കോളജിന്റെ മാഗസിന്‍ 'പെല്ലറ്റ് ' വിതരണം നിര്‍ത്തിവച്ചു



തലശ്ശേരി: ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിന്‍ വിതരണം നിര്‍ത്തിവച്ചു. തിയേറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരകള്‍ക്കു പിന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിനു കാരണം. ഇതേത്തുടര്‍ന്ന്, എസ്എഫ്‌ഐ നിയന്ത്രണത്തിലുള്ള കോളജ് യൂനിയന്‍ പുറത്തിറക്കിയ പെല്ലറ്റ് എന്ന പേരിലുള്ള മാഗസിനിലെ വിവാദ പേജുകള്‍  നീക്കം ചെയ്യാന്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ വിതരണം ചെയ്ത കോപ്പികള്‍ തിരിച്ചെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തിയേറ്ററിലെ സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കുമ്പോള്‍ ഒഴിഞ്ഞ കസേരകള്‍ക്ക് പിന്നില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീ-പുരുഷ ചിത്രമാണു വിവാദമായത്. ‘സിനിമാ തിയേറ്ററില്‍ കസേരവിട്ട് എഴുന്നേല്‍ക്കുന്ന രാഷ്ട്രസ്‌നേഹം. തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്‌നേഹം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. ഇതിനു പുറമെ ലൈംഗിക അവയവങ്ങളുടെ കാര്‍ട്ടൂണും മാഗസിനിലുണ്ടായിരുന്നു. മാഗസിനില്‍ ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുന്നതായും ആരോപണമുണ്ട്. സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനും ദേശീയപതാക കാണിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള ഉത്തരവിനെയാണ് മാഗസിനില്‍ വിമര്‍ശിക്കുന്നത്. വിവാദത്തെ തുടര്‍ന്നു ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ മാഗസിനിലെ 12, 84 പേജുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 125ാം വാര്‍ഷികാഘോഷ ഭാഗമായി വിപുലമായ ആഘോഷങ്ങള്‍ക്ക് ഒടുവിലാണ് ബ്രണ്ണന്‍ കോളജ് മാസിക പുറത്തിറക്കുന്നത്.
Next Story

RELATED STORIES

Share it