Gulf

ബ്രക്‌സിറ്റ്; ഉഭയകക്ഷിബന്ധത്തെ ബാധിക്കല്ല: ബ്രിട്ടീഷ് അംബാസഡര്‍

ദോഹ: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം ഖത്തറും ബ്രിട്ടണും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ബാധിക്കില്ലെന്നും ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ യാതൊരു വിള്ളലും ഉണ്ടാവില്ലെന്നും ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖത്തറും ബ്രിട്ടണും തമ്മില്‍ മികച്ച നയതന്ത്ര, ഉഭയകക്ഷിബന്ധമാണുള്ളത്. ചരിത്രത്തിന്റെയും താല്‍പര്യങ്ങളുടെയും പങ്കുവയ്ക്കലുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ ബന്ധം. വിവിധ മേഖലകളില്‍  സഹകരണം വിപുലീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും  ബ്രിട്ടീഷ് എംബസിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ 3 ബില്യണ്‍ ഡോളര്‍ ബ്രിട്ടിനില്‍ നിക്ഷേിപിച്ചിട്ടുണ്ട്. 2022 ലോകകപ്പിനെ മുന്‍ നിര്‍ത്തിയും ഖത്തറിന്റെ 2030 ദേശീയ മിഷന്റെ ഭാഗമായും നിരവധി ബിസിനസ് സംരംഭങ്ങള്‍ക്ക് ബ്രിട്ടന് പദ്ധതിയുണ്ട്്്. വ്യാപാര സംരംഭങ്ങള്‍ക്കു പുറമേ 400 ബ്രിട്ടീഷ് കമ്പനി ഖത്തറിലുണ്ട്. കഴിഞ്ഞ വര്‍ഷം 4 ബില്യണ്‍ ഡോളറിന്റെ വ്യാപാര കൈമാറ്റമാണ് ഇരു രാജ്യങ്ങളും തമ്മിലുണ്ടായത്. മിഡില്‍ ഈസ്റ്റില്‍ യുകെ ഏറ്റവും കൂടുതല്‍ വ്യാപാര കൈമാറ്റം നടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. ഹിതപരിശോധനാഫലം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെയോ അടുപ്പത്തെയോ യാതൊരുതരത്തിലും ബാധിക്കില്ല. പ്രതിരോധം, സുരക്ഷ, വിദേശനയം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കുമെന്നും അജയ് ശര്‍മ്മ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയതുപോലെ ബ്രിട്ടണിന്റെ സമ്പദ്ഘടന ശക്തമാണ്. വലിയ വാണിജ്യ രാജ്യം കൂടിയാണ് തങ്ങളുടേത്. ബ്രിട്ടീഷ് പ്രതിരോധ സംഭരണ മന്ത്രി ഫിലിപ്പ് ഡ്യൂണ്‍ ഫെബ്രുവരിയില്‍ ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രതിരോധമേഖലയില്‍ നിക്ഷേപം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചിരുന്നു. ഖത്തറും ബ്രിട്ടണും തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2012 മുതല്‍ ഈ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണിയിലെ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനങ്ങളിലൊന്നായ ടൈഫൂണ്‍ ബ്രിട്ടണില്‍ നിന്നു ഖത്തര്‍ വാങ്ങുമെന്നാണ് ബ്രിട്ടീഷ് എംബസി പ്രതീക്ഷിക്കുന്നത്. ഖത്തറുമായി ചേര്‍ന്ന് സൈനിക പരിശീലനം ശക്തമാക്കുന്നതിനും ബ്രിട്ടണ്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it