ബോളിവുഡിന്റെ ശ്രീ ഇനി ഓര്‍മ

മുഹമ്മദ്  പടന്ന

മുംബൈ: അഭ്രപാളികളെ ത്രസിപ്പിച്ച അഴകിന്റെ റാണി ഇനി കണ്ണീരോര്‍മ. ഭാഷകളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അഭ്രപാളിയില്‍ മിന്നിത്തിളങ്ങിയ ശ്രീദേവിയുടെ ഭൗതികദേഹത്തെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ആരാധകവൃന്ദം കണ്ണീരണിഞ്ഞു. മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ഉച്ചയ്ക്ക് 2 മണിയോടെയാണ് ശ്രീദേവിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്ന് ആരംഭിച്ചത്. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം ശ്മശാനത്തിലേക്ക് എത്തിച്ചത്. വാഹനത്തില്‍ ശ്രീദേവിയുടെ അലങ്കരിച്ച ചിത്രവും ഒരുക്കിയിരുന്നു.  ചൊവ്വാഴ്ച രാത്രി മുംബെയില്‍ എത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 9.30നാണ് ലോഖണ്ഡ്‌വാലയിലുള്ള ശ്രീദേവിയുടെ വസതിക്കു സമീപത്തെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. ചലച്ചിത്ര താരങ്ങളും ആരാധകരുമടക്കം ആയിരങ്ങള്‍ ഇവിടെ ശ്രീദേവിക്ക് ആദരവ് അര്‍പ്പിച്ചു. പൊതുദര്‍ശനം അവസാനിപ്പിക്കുമ്പോഴും ഗേറ്റിനു പുറത്ത് ആയിരങ്ങള്‍ കാത്തുനിന്നു.
ചുവന്ന പട്ടുസാരിയില്‍ താലിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞാണ് ശ്രീദേവിയെ അവസാന യാത്രയ്ക്കായി കുടുംബം ഒരുക്കിയത്. വെളുത്ത പൂക്കളാല്‍ തോരണങ്ങള്‍ തൂക്കി ഒരുക്കിയിരുന്ന ക്ലബ്ബില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലായിരുന്നു ശ്രീദേവിയുടെ ഭൗതികശരീരം. പ്രിയ താരത്തെ അവസാനമായി ഒരു നോക്കു കാണാന്‍ വിലാപയാത്ര കടന്നുപോയ പാതയുടെ ഇരുവശങ്ങളിലും ആയിരങ്ങള്‍ നിലയുറപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മരിച്ച ശ്രീദേവിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുബയ് അധികൃതര്‍ വിട്ടുകൊടുത്തത്. കുളിമുറിയിലെ ബാത്ത്ടബ്ബില്‍ മുങ്ങിയാണ് നടിയുടെ മരണമെന്നാണ് ഫോറന്‍സിക് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it