Flash News

ബോറടി മാറ്റാന്‍ ജര്‍മന്‍ നഴ്‌സ് കൊന്നത് 106 രോഗികളെ



ബെര്‍ലിന്‍: രോഗികളെ നോക്കി “ബോറടിച്ച’ മെയില്‍ നഴ്‌സ് മരുന്ന് കുത്തിവച്ചു കൊന്നൊടുക്കിയത് 106 രോഗികളെ. നീല്‍സ് ഹോഗല്‍ (41) ആണ് നൂറിലധികം പേര്‍ക്ക് മരണത്തിന്റെ മാലാഖയായി മാറിയത്. ബെര്‍ലിന്‍ നഗരത്തിനു സമീപമുള്ള ദെല്‍മെന്‍ ഹോസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനായിരുന്ന നീല്‍സ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രോഗികളിലാണ് മാരകമായ മരുന്ന് കുത്തിവച്ചത്. രണ്ടു കൊലപാതകങ്ങളും നാലു കൊലപാതകശ്രമങ്ങളുമായി ബന്ധപ്പെട്ട് 2015ലാണ് ഇയാളെ കുറ്റക്കാരനായി ആദ്യം കണ്ടെത്തിയത്. അക്കാലത്ത് നടന്ന ദുരൂഹ മരണങ്ങളില്‍ വിശദമായ പരിശോധന നടത്തിയാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നുണ്ട്.90 പേരെ വകവരുത്തിയെന്ന് ആഗസ്തിലാണ് പോലിസ് കണ്ടെത്തിയത്. എന്നാല്‍, 1999 മുതല്‍ 2005 വരെ ഇയാള്‍ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളിലായി 16 പേരെ കൂടി വകവരുത്തിയതായി പോലിസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയായിരുന്നു. അഞ്ചു കേസുകള്‍ കൂടി പരിശോധിച്ചുവരുകയാണെന്നും അവയിലും പഠനം പൂര്‍ത്തിയായാലെ യഥാര്‍ഥ മരണകാരണം വ്യക്തമാവൂവെന്നും അന്വേഷണസംഘം പറയുന്നു. നീല്‍സിനെതിരായ പുതിയ കുറ്റപത്രം അടുത്ത വര്‍ഷം ആദ്യം നല്‍കാനാവുമെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ നോക്കി മുഷിഞ്ഞ നീല്‍സ് അവരില്‍ വിഷ മരുന്ന് കുത്തിവയ്ക്കുകയായിരുന്നു.2005ല്‍ നീല്‍സ് ഒരു രോഗിയില്‍ മരുന്ന് കുത്തിവയ്ക്കുന്നത് മറ്റൊരു നഴ്‌സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Next Story

RELATED STORIES

Share it