ബോര്‍ഡ്-കോര്‍പറേഷന്‍: പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ സിപിഐയില്‍ ധാരണ

തിരുവനന്തപുരം: ബോര്‍ഡ്-കോര്‍പറേഷന്‍ പദവികളില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണ. പാര്‍ട്ടി മന്ത്രിമാരെ തീരുമാനിച്ച അതേ മാതൃക ബോര്‍ഡ്-കോര്‍പറേഷന്‍ പദവികളുടെ കാര്യത്തിലും പാലിക്കണമെന്നാണ് തിരഞ്ഞെടുപ്പു ഫലം വിലയിരുത്താനായി ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനം.
തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു പരാജയപ്പെട്ടവരെയും മുമ്പ് പദവികള്‍ വഹിച്ചവരെയും തിരുകിക്കയറ്റാനുള്ള മേഖലയാക്കി ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളെ മാറ്റരുത്. മന്ത്രിസഭയില്‍ പാര്‍ട്ടി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ പ്രതീക്ഷയോടെയാണു കാണുന്നത്. അതുപോലെ ബോര്‍ഡ്-കോര്‍പറേഷന്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്ന വെള്ളാനയാണെന്ന കാലങ്ങളായുള്ള വിമര്‍ശനം മാറ്റാനാവണം. അതിന് കഴിവും അതതു മേഖലകളില്‍ പ്രവീണ്യവുമുള്ളവരെ ഈ രംഗത്ത് ഉയര്‍ത്തിക്കൊണ്ടു വരാനാവണമെന്നുമാണ് യോഗത്തിന്റെ പൊതുവികാരം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ വഹിച്ചിരുന്ന പദവികളില്‍ ചിലതു വച്ചുമാറണമെന്ന നിര്‍ദേശം സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ പാര്‍ട്ടി മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പാര്‍ട്ടിക്കു ലഭിക്കുന്ന ചെയര്‍മാന്‍ പദവികളില്‍ ആരൊക്കെയാവണമെന്ന ചര്‍ച്ച ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടാവും. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിപ്രകടനം സംബന്ധിച്ച് ജില്ലാ കൗണ്‍സിലുകള്‍ നല്‍കിയ റിപോര്‍ട്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിശദമായി ചര്‍ച്ചചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സ്വീകരിച്ച സൂക്ഷ്മത തിരഞ്ഞെടുപ്പില്‍ ഗുണംചെയ്തു. തിരഞ്ഞെടുപ്പില്‍ നല്ല വിജയം പാര്‍ട്ടിക്കു നേടാനായി. എന്നാല്‍, നല്ല വിജയപ്രതീക്ഷയുണ്ടായിരുന്ന ചില മണ്ഡലങ്ങളിലുണ്ടായ പരാജയം വിശദമായി പരിശോധിക്കുന്നതിന് കീഴ്ഘടകങ്ങള്‍ക്കു വിടും. ഫലം വന്നതിനു പിന്നാലെ നേതൃയോഗങ്ങള്‍ ചേര്‍ന്നിരുന്നെങ്കിലും ഫലം വിശദമായി വിലയിരുത്തുന്നതിന് പ്രത്യേകം യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it