ബോഫോഴ്‌സ് കേസ്: ജ. ഖാന്‍വില്‍ക്കര്‍ പിന്‍മാറി

ന്യൂഡല്‍ഹി: ബോഫോഴ്‌സ് അഴിമതിക്കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന്് സുപ്രിംകോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍ പിന്‍മാറി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലെ അംഗമായ അദ്ദേഹം കേസില്‍ നിന്ന് പിന്‍മാറാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ച് 28ന് വാദം കേള്‍ക്കുന്ന കേസില്‍ പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ജ. ഡി വൈ ചന്ദ്രചൂഡ് കൂടി അടങ്ങുന്ന ബെഞ്ച് അറിയിച്ചു. കേസിലെ എല്ലാ പ്രതികളെയും 2005 മെയ്് 31ന് വെറുതെ വിട്ട ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ ബിജെപി നേതാവ് അജയ് അഗര്‍വാളാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരേ തങ്ങളും അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് സിബിഐയും കോടതിയെ അറിയിച്ചു. കേസില്‍ മൂന്നാം കക്ഷിയെന്ന നിലയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അഗര്‍വാളിന്റെ അവകാശം സുപ്രിംകോടതി ഇന്നലെ പരിശോധിക്കേണ്ടതായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരേ മല്‍സരിച്ച സ്ഥാനാര്‍ഥിയാണ് അഗര്‍വാള്‍. ഹൈക്കോടതി വിധി വന്ന് നിര്‍ബന്ധമായും 90 ദിവസത്തിനകം സിബിഐ അപ്പീല്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് അഗര്‍വാള്‍ സുപ്രിംകോടതിയെ സമീപിച്ചത്.ഇന്ത്യയും സ്വീഡിഷ് ആയുധ നിര്‍മാണ കമ്പനിയായ എബി ബോഫോഴ്‌സും 1986ല്‍ ഒപ്പുവച്ച 1,437 കോടിയുടെ പീരങ്കി ഇടപാടില്‍ അഴിമതി നടത്തിയെന്നാണ് കേസ്. ബോഫോഴ്‌സ് കമ്പനി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ഇടപാടില്‍ കോഴ നല്‍കിയെന്ന് സ്വീഡിഷ് റേഡിയോ വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it