Most commented

ബോട്ട് മുങ്ങി അഭയാര്‍ഥികളുടെ മരണം: ഗ്രീസിലേക്ക് യുഎന്‍ അന്വേഷണസംഘത്തെ അയക്കും

ന്യൂയോര്‍ക്ക്: മെഡിറ്ററേനിയനില്‍ ബോട്ട് മുങ്ങി 500ഓളം അഭയാര്‍ഥികള്‍ മരിച്ചെന്ന റിപോര്‍ട്ടുകള്‍ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ഗ്രീസിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഐക്യരാഷ്ട്രസഭ.
യൂറോപ്പ് ലക്ഷ്യമാക്കി സഞ്ചരിച്ച ബോട്ടു തകര്‍ന്നാണ് അപകടമെന്നായിരുന്നു റിപോര്‍ട്ട്. സോമാലിയ, എത്യോപ്യ, എരിത്രിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറ്റലിയിലേക്കു കടക്കാന്‍ ശ്രമിച്ചവരായിരുന്നു അപകടത്തില്‍പ്പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ടവരില്‍ വളരെ കുറച്ചുപേരെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ അറിയിച്ചത്. അപകടത്തില്‍ 500ഓളം പേര്‍ മരിച്ചുവെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അപകടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയും (യുഎന്‍എച്ച്‌സിആര്‍) കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ദൃക്‌സാക്ഷികളുടെയും അപകടത്തില്‍ നിന്നു രക്ഷപ്പെട്ടവരുടെയും മൊഴികള്‍ സ്ഥിരീകരിക്കുന്നതിന് രാജ്യങ്ങള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ യുഎന്‍ ഏജന്‍സികള്‍ക്കോ കഴിഞ്ഞിരുന്നില്ല. യാത്രക്കാര്‍ ബോട്ടിന്റെ ഒരുവശത്തേക്കു നീങ്ങിനിന്നതിനെത്തുടര്‍ന്നാണ് അപകടം നടന്നതെന്നു രക്ഷപ്പെട്ടവരിലൊരാളായ സോമാലിയന്‍ സ്വദേശി മുഹിയുദ്ദീന്‍ അലിയെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഗ്രീസിലെ കലാമറ്റയിലേക്കാണ് യുഎന്‍എച്ച്‌സിആര്‍ അന്വേഷണസംഘത്തെ അയക്കുന്നത്. തകര്‍ന്ന ബോട്ടില്‍നിന്ന് 41 പേരെ രക്ഷിച്ചതായി കലാമറ്റ തുറമുഖ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്.
Next Story

RELATED STORIES

Share it